മഴയുടെ ഫ്രെയിമിൽ നിറഞ്ഞു സമൂഹത്തിലേക്ക് തുറന്നുവച്ച കണ്ണുകൾ

കയ്യൂർ
കയ്യൂരിന്റെയും ചീമേനിയുടെയും രാവണീശ്വരത്തിന്റെയും മഴയഴക് പകർത്തിയ, കൊമ്പനാനപ്പുറത്തേറി വരുന്ന കാർമുകിലിനെ ചിത്രീകരിച്ച പ്രിയ സംവിധായകനെ ഓർമിക്കവേ മഴ മാറി നിൽക്കുന്നതെങ്ങനെ. കയ്യൂരിനെ വെള്ളിത്തിരയോട് ചേർത്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിനെയും പ്രിയപ്പെട്ട പ്രഭാഷകനും കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയുമായിരുന്ന പി അപ്പുക്കുട്ടൻ മാസ്റ്ററെയും അനുസ്മരിക്കാൻ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം നടക്കുമ്പോഴും പതിഞ്ഞതാളത്തിൽ മഴ പെയ്തുകൊണ്ടിരുന്നു. ഇരുവരുടെയും ഓർമകൾ പങ്കുവച്ചപ്പോൾ സദസിലും ഓർമയുടെ ഫ്രെയിം നിറഞ്ഞു. എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്തു. ജൈവികമായ സിനിമാനുഭവം ഓരോ ഫ്രെയിമിലും പകർത്തിയ ഷാജി അസാമാന്യ വൈഭവത്തോടെ തന്റെ ക്യാമറയിലെ ദൃശ്യങ്ങളെ പ്രകൃതിയുമായി ചാലിച്ച് ആവിഷ്‌കരിച്ചുവെന്ന് രാമകൃഷ്ണൻ പറഞ്ഞു. സമൂഹത്തിൽ രാഷ്ട്രീയമായും സാംസ്‌കാരികമായും ഉണ്ടാക്കുന്ന ചലനങ്ങളെക്കുറിച്ച് കൃത്യമായ നിലപാടും ബോധ്യവും അദ്ദേഹത്തിനുണ്ട്. ഇത് വ്യക്തമായി മനസിലാക്കാൻ കഴിയുന്ന വ്യക്തിത്വമാണ് ഷാജി എൻ കരുണിന്റേത്.അതുകൊണ്ടുതന്നെ ലോകോത്തരമായ കലാസൃഷ്ടിയിലൂടെ മികച്ച കലാകാരനായതും മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതും. അടിയന്തരാവസ്ഥയെ വളരെ സൂക്ഷ്മമായും കലാപരമായും പിറവി എന്ന അദ്ദേഹത്തിന്റെ സിനിമയിൽ ആവിഷ്‌കരിച്ചു. ലോകത്തെല്ലായിടത്തും ആ സിനിമ മനസിലാക്കാൻ കഴിയുന്നതും അതുകൊണ്ടുതന്നെയാണ്. സൂക്ഷ്മ രാഷ്‌ട്രീയം എല്ലാ സർഗാത്മക മികവോടെയും ആവിഷ്കരിക്കപ്പെട്ടുവെന്നും ടി ഡി രാമകൃഷ്ണൻ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി കെ പി മോഹനൻ, മുൻ എംപി പി കരുണാകരൻ, മേക്കപ്പ്മാൻ പട്ടണം റഷീദ്, കവി സി എം വിനയചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. പി അപ്പുക്കുട്ടൻ, കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് സ്വാഗതം പറഞ്ഞു.









0 comments