ആശങ്കയുടെ നിമിഷങ്ങൾ മട്ടലായിൽ ദേശീയപാത പ്രവൃത്തിക്കിടെ ദുരന്തം തൊഴിലാളിക്ക്‌ ദാരുണാന്ത്യം 2 പേർക്ക്‌ പരിക്ക്‌

ദേശീയപാതയിൽ നിർമാണ പ്രവൃത്തിക്കിടെ  മണ്ണിടിഞ്ഞ് അപകടം നടന്ന മട്ടലായിയിൽ  രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവർ
വെബ് ഡെസ്ക്

Published on May 13, 2025, 03:00 AM | 1 min read

ചെറുവത്തൂർ

തിങ്കൾ രാവിലെ 10.30 ഓടെ എത്തിയ ആ വാർത്ത എല്ലാവരെയും പരിഭ്രാന്തരാക്കി. ദേശീയപാത പ്രവൃത്തിക്കിടയിൽ മട്ടലായിൽ മണ്ണിടിഞ്ഞ്‌ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന വാർത്ത അറിഞ്ഞവരെല്ലാം ഉടൻ മട്ടലായിലേക്കെത്തി. മണ്ണിടിച്ചിൽ തടയാൻ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടയിൽ കുന്നിടിഞ്ഞ്‌ തൊഴിലാളികളുടെ മേൽ പതിച്ചായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാരും ഓട്ടോ, ചുമട്ട്‌ തൊഴിലാളികളും ജനപ്രതിനിധികളും പൊലീസ്സും അഗ്നിരക്ഷാസേനയും കരാർ കമ്പനിയായ മേഘ കൺസ്‌ട്രക്‌ഷൻസ്‌ അധികൃതരും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. മണ്ണ്‌ മാന്തി എത്തിച്ച്‌ മണ്ണ്‌ നീക്കി. എത്ര തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന ആശങ്ക ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട്‌ മൂന്നു പേരാണെന്ന്‌ സ്ഥിരീകരിച്ചു. രക്ഷപ്പെടുത്തിയവരെ ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒരു തൊഴിലാളി സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൊൽക്കത്ത സ്വദേശി മുൻതാജ് മിർ (18) ആണ് മരിച്ചത്. കൊൽക്കത്ത സ്വദേശികളായ മുന്നാൽ ലസ്കർ (55), മോഹൻ തേജർ (18) എന്നിവർക്കാണ്‌ സാരമായി പരിക്കേറ്റത്‌. സമയോചിതമായി ഇടപെടൽ നടത്തിയതിലൂടെ കൂടുതൽ അപകടം ഒഴിവാക്കാനായി. എം രാജഗോപാലൻ എംഎൽഎ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സി വി പ്രമീള, പി പി പ്രസന്നകുമാരി തുടങ്ങിയവർ അപകടമുണ്ടായ ഉടൻ സ്ഥലത്തെത്തി. കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡി, ദേശീയപാതാ അതോറിറ്റി പ്രോജക്ട്‌ ഡയറക്ടർ ഉമേഷ് ഗർ തുടങ്ങിയവരും സംഭവസ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home