അന്തിമ വോട്ടർ പട്ടികയായി
ജില്ലയിൽ 10.51 ലക്ഷം പേർ

സ്വന്തം ലേഖിക
പത്തനംതിട്ട
തദ്ദേശസ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ ജില്ലയില്‍ 10.51 ലക്ഷം വോട്ടര്‍മാര്‍. ചൊവ്വാഴ്ചയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അന്തിമപട്ടിക പുറത്തുവിട്ടത്.
53 പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി ജില്ലയില്‍ ആകെ 10,51,043 വോട്ടര്‍മാരാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിനുശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക തയ്യാറാക്കിയത്. 4,84,850 പുരുഷന്‍മാരും 5,66,190 സ്ത്രീകളും മൂന്ന് ട്രാന്‍സ്‌ജന്‍ഡറുകളുമാണ് പട്ടികയിലുള്ളത്. ഇതിനു പുറമെ പ്രവാസി വോട്ടര്‍പട്ടികയില്‍ 41 പേരുമുണ്ട്. വോട്ടര്‍പട്ടിക കമീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ആഗസ്ത് 12 വരെ ലഭിച്ച അപേക്ഷകളും പരാതികളും പരിശോധിച്ചും ഹിയറിങ് നടത്തിയുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇആര്‍ഒ) അന്തിമ വോട്ടര്‍പട്ടിക തയാറാക്കിയത്.
ജൂലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ ആകെ 10,20,398 വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 80,418 പുതിയ അപേക്ഷകരുണ്ടായിരുന്നു. തിരുത്തലിന് 556 അപേക്ഷകരും പേര് ഒഴിവാക്കാൻ 49,773 ആക്ഷേപങ്ങളും ലഭിച്ചു.
പള്ളിക്കൽ പഞ്ചായത്തിലാണ് കൂടുതൽ വോട്ടർമാർ– 37,538. നഗരസഭകളിൽ കൂടുതൽ വോട്ടർമാരുള്ളത് തിരുവല്ലയിലാണ്– 47,571 പേർ.
വോട്ടർമാരുടെ എണ്ണം
ഗ്രാമപഞ്ചായത്തിൽ
ആനിക്കാട്–11,870, കവിയൂർ–14,158, കൊറ്റനാട്–12,554, കല്ലൂപ്പാറ–15,851, കോട്ടാങ്ങൽ–15,007, കുന്നന്താനം–18,066, മല്ലപ്പള്ളി–16,224, കടപ്ര–18,760, കുറ്റൂർ–16,835, നിരണം–12,200, നെടൂമ്പ്രം–11,443, പെരിങ്ങര–18,416, അയിരൂർ–19,173, ഇരവിപേരൂർ–21,698, കോയിപ്രം– 23,224, തോട്ടപ്പുഴശേരി–12,319, എഴുമറ്റൂർ–16,775, പുറമറ്റം–12,450, ഓമല്ലൂർ–14,973, ചെന്നീർക്കര–16,806, ഇലന്തൂർ–13,571, ചെറുകോൽ–11,108, കോഴഞ്ചേരി–10,345, മല്ലപ്പുഴശേരി–10,164, നാരങ്ങാനം–14,774, റാന്നി പഴവങ്ങാടി–21,469, റാന്നി–11,487, റാന്നി അങ്ങാടി–13,845, റാന്നി പെരുനാട്–17,236, വടശേരിക്കര–18,114 ചിറ്റാർ–13,951, സീതത്തോട്–12,679, നാറാണംമൂഴി–13,259, വെച്ചൂച്ചിറ–19,580, കോന്നി–24,078, അരുവാപ്പുലം–17,578, പ്രമാടം–28,087, മൈലപ്ര–8908, വള്ളിക്കോട്–18,439, തണ്ണിത്തോട്–12,528, മലയാലപ്പുഴ–14,998, പന്തളം തെക്കേക്കര–16,124, തുമ്പമൺ–6701, കുളനട–20,329, ആറന്മുള–24,543, മെഴുവേലി–13,004, ഏനാദിമംഗലം–18,108, ഏറത്ത്–22,039, ഏഴംകുളം–29,106, കടമ്പനാട്– 23,608, കലഞ്ഞൂർ–28,541, കൊടുമൺ–22,871, പള്ളിക്കൽ–37,538.
നഗരസഭകളിൽ
അടൂർ – 27,205, പത്തനംതിട്ട – 33,571, തിരുവല്ല – 47,571, പന്തളം – 35,184.
Highlights: പ്രവാസി വോട്ടർ പട്ടികയിൽ 41പേർ









0 comments