അരങ്ങേറ്റ വേദിയിൽ ‘ശങ്കരാലാപനം’

Photo
വെബ് ഡെസ്ക്

Published on Oct 03, 2025, 12:05 AM | 1 min read

ഓമല്ലൂർ

അരങ്ങേറ്റം കുറിച്ച അതേവേദിയിൽ സംഗീതാർച്ചനയുമായി ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ. ഓമല്ലൂർ സരസ്വതി കലാക്ഷേത്രത്തിന്റെ വിജയദശമി സംഗീതോത്സവത്തിലാണ്‌ ഓമല്ലൂർ ശങ്കരന്റെ സംഗീതാലാപനം ആസ്വാദക ശ്രദ്ധ നേടിയത്‌. പട്ടാഴി ത്യാഗരാജന്റെ ശിക്ഷണത്തിൽ ശാസ്‌ത്രീയമായ സംഗീത പഠനം നടത്തി 2010 ലായിരുന്നു അരങ്ങേറ്റം. 15 വർഷത്തിന്‌ ശേഷമാണ്‌ വീണ്ടും വേദിയിലെത്തിയത്‌. ‘വാതാപി ഗണപതിം ഭജേഹം’, സാമജ വരഗമന, അലൈപായുതേ തുടങ്ങിയ കൃതികളും മനസിലുണരൂ ഉഷ സന്ധ്യയായി എന്ന ഗാനവും ആലപിച്ചു. സംഗീതാവതരണത്തെ വലിയൊരു സാംസ്‌കാരിക പ്രവർത്തനമായാണ്‌ കാണുന്നതെന്ന്‌ സരസ്വതി കലാക്ഷേത്രത്തിന്റെ രക്ഷാധികാരിയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കൂടിയായ അദ്ദേഹം പറഞ്ഞു. ഓമല്ലൂർ രഞ്‌ജിത്‌ കൃഷ്‌ണൻ (വയലിൻ)‍, വിഷ്‌ണുലാൽ പട്ടാഴി (മൃദംഗം), പെരുന്പുളിക്കൽ സുരേന്ദ്രൻ (ഘടം), താമരക്കുടി ജയകൃഷ്‌ണൻ (മുഖർശംഖ്‌) എന്നിവർ പക്കമേളം ഒരുക്കി. പ്രമുഖരടക്കം നിരവധി പേർ സംഗീത പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നു. വിവിധയിനങ്ങളിലായി നൂറോളം കുട്ടികളുടെ അരങ്ങേറ്റവുമുണ്ടായി.




deshabhimani section

Related News

View More
0 comments
Sort by

Home