ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

പത്തനംതിട്ട
അറിവിന്റെയും അക്ഷരത്തിന്റെയും ലോകത്തേക്ക് ചുവടുവച്ച് കുരുന്നുകൾ വിജയദശമി ദിനമായ വ്യാഴാഴ്ച ആദ്യാക്ഷരം കുറിച്ചു. ജില്ലയിൽ ഇലവുംതിട്ട മൂലൂർ സ്മാരകം, വിവിധ ആരാധാനാലയങ്ങൾ, ഗ്രന്ഥാലയങ്ങൾ എന്നിവിടങ്ങളിലും സാഹിത്യ, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖരുടെ വീടുകളിലും കുട്ടികളെ എഴുത്തിനിരുത്തി. മണൽത്തരിയിലും അരിയിലുമൊക്കെയായി കുരുന്നുകൾ ഹരിശ്രീ കുറിച്ചു. ജാതിമതഭേദമന്യേയാണ് സംസ്ഥാനത്താക കുരുന്നുകൾ വിജ്ഞാനലോകത്തേക്ക് കടന്നത്. ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടന്ന വിദ്യാരംഭ ചടങ്ങ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്തു. രാവിലെ 7.40ന് ആരംഭിച്ച എഴുത്തിനിരുത്തൽ ചടങ്ങിൽ കുരുന്നുകൾക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ്, കവി ഏഴാച്ചേരി രാമചന്ദ്രൻ, റവ. കെ സി ഏബ്രഹാം കോട്ടാമഠത്തിൽ, പ്രൊഫ. മാലൂർ മുരളീധരൻ എന്നിവർ ആദ്യാക്ഷരം കുറിച്ചു. ചടങ്ങിൽ മന്ത്രി വീണാ ജോർജിനെ മൂലൂർ സ്മാരക സമിതി പ്രസിഡന്റ് കെ സി രാജഗോപാലനും സ്മാരക കമ്മിറ്റി സെക്രട്ടറി പ്രൊഫ. ഡി പ്രസാദും ആദരിച്ചു. ഗുരുകുല രീതിയിൽ വിദ്യാഭ്യാസം നടത്തിയിരുന്നതിനാൽ കളരിവീട് എന്നറിയപ്പെട്ടിരുന്ന മൂലൂരിന്റെ വസതിയായിരുന്ന കേരളവർമ്മ സൗധമാണ് ഇന്ന് സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മൂലൂർ സ്മാരകം.









0 comments