ഹ്രസ്വചിത്രം വിദ്യാഭ്യാസമന്ത്രി പ്രകാശനം ചെയ്‌തു
ഒരു "എഐ' പനിനീർപ്പൂവ്

കൈപ്പട്ടൂർ കൈപ്പട്ടൂർ സെന്റ് ജോർജസ് മൗണ്ട് ഹൈസ്‌കൂളിലെ വിദ്യാർഥികൾ തയ്യാറാക്കിയ "പനിനീർപൂവ്' എന്ന എഐ ഹ്രസ്വചിത്രം മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്‌തു. എട്ടാം ക്ലാസിലെ മലയാളം പുസ്‌തകത്തിലെ കവിതയാണ് എഐ സാങ്കേതിക വിദ്യയുപയോഗിച്ച് കുട്ടികൾ ഹ്രസ്വചിത്രമാക്കിയത്. കേരള പാഠാവലിയിലെ ആദ്യപാഠം ഉള്ളൂർ എസ് പരമേശ്വരയ്യരുടെ പനിനീർപ്പൂവ് എന്ന കവിതയാണ്. ഒരു പനിനീർപ്പൂവിനോട് കവി ചോദിക്കുന്ന ചോദ്യങ്ങളും അതിനുത്തരമെന്നോണം പൂവ് തലയാട്ടുമ്പോൾ കവിയുടെ ഉള്ളിൽ തെളിയുന്ന തിരിച്ചറിവുകളുമാണ് കവിത. കുട്ടികളുടെ ഭാവനയ്ക്കനുസരിച്ച് കവിതയെ തിരക്കഥയാക്കി. പഠനപ്രവർത്തനത്തിന്റെ തുടർച്ചയായി കുട്ടികൾ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹ്രസ്വചിത്രമാക്കുകയാണ് ചെയ്‌തത്. ഇന്ത്യയിൽ തന്നെ ആദ്യമാകും ഇത്തരമൊരു ക്ലാസ് റൂം പഠനപ്രവർത്തനം. ഗൂഗിളിന്റെ വിഇഒ 2 എന്ന സങ്കേതികവിദ്യയിൽ നിർമിച്ച കഥാപാത്രങ്ങളാണ് അഭിനേതാക്കൾ. കുട്ടികൾ വാക്യങ്ങളിലൂടെ നൽകിയ നിർദേശങ്ങളാണ് എഐ ദൃശ്യങ്ങളാക്കിയത്. ശബ്ദം നൽകിയിരിക്കുന്നത് കുട്ടികൾ തന്നെ. ജുവൽ ഷിജി, സ്‌നേഹ ജോബി, ആർ കീർത്തന, മിത്തു മനോജ്, വൈഷ്ണവി സുനിൽ, ജെ അശ്വതി, അഭിനവ് ഉല്ലാസ്, ഭവന്തു അശോക്, പി വിനീത്, ദേവപ്രയാഗ് രഞ്ജിത്ത് എന്നീ വിദ്യാർഥികളാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. സ്‌കൂളിലെ ജോയിന്റ് എസ്ഐടിസി ഷിബു ഡാനിയേൽ, മലയാളം അധ്യാപകരായ പ്രീത് ജി ജോർജ്, ബി ലീന, ലിറ്റിൽ കൈറ്റ്സ് കോ-–-ഓർഡിനേറ്റർമാരായ ധന്യ രാജേന്ദ്രൻ, വി വീണ എന്നിവർ നേതൃത്വം നൽകി. വിദ്യാഭ്യാസമന്ത്രിയുടെ വസതിയിൽ നടന്ന പ്രകാശനച്ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപിക കവിത വി കുറുപ്പ് , അധ്യാപകരായ പ്രീത് ജി ജോർജ്, ബി ലീന, എം പി ഷാജി, ധന്യ രാജേന്ദ്രൻ, ഫ്രെഡി ഉമ്മൻ, അജി മാത്യു, റീന ജോർജ്, ടോമിൻ പടിയറ, കെ ജെ മിലൻ, ജെറിൻ തോമസ്, ടി സുനിൽ എന്നിവരും വിദ്യാർഥികളും പങ്കെടുത്തു.









0 comments