വിദ്യാർഥികൾ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉൽപ്പാദകരാകണം: മന്ത്രി ആർ ബിന്ദു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 04, 2025, 04:19 AM | 1 min read

പന്തളം പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉൽപ്പാദകരായി വിദ്യാർഥികൾ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പന്തളം എൻഎസ്എസ് കോളജിൽ റൂസ പ്രോജക്ടിന്റെ ഭാഗമായി 80 ലക്ഷം രൂപ വിനിയോഗിച്ച്‌ നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികൾക്ക് അഭിരുചികൾക്കനുസൃതമായി വളരാൻ പ്രാരംഭഘട്ടത്തിൽ പരിശീലനങ്ങൾ നൽകണമെന്നും നൂതന ആശയങ്ങൾ മുന്നോട്ടുവെയ്ക്കുന്ന വിദ്യാർഥികൾക്ക് അഞ്ച്‌ മുതൽ 25 ലക്ഷം രൂപ വരെ ധനസഹായവും നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എക്‌സ്പീരിയൻസ് ലേണിങ്‌ പഠന രീതിക്കു പ്രാധാന്യം നൽകുന്നു. അധ്യാപക പരിശീലനത്തിനായി ഹയർ എജക്കേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എക്‌സലൻസ് ആൻഡ് ടീച്ചിങ് ലേണിങ്‌ ആൻഡ് ട്രെയിനിങ്‌ സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. രണ്ടാം പിണറായി വിജയൻ സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണു പ്രഥമ പരിഗണന നൽകുന്നത്. മേഖലയുടെ വികസനത്തിനായി 6000 കോടി രൂപയാണ് സർക്കാർ വിനിയോഗിച്ചതെന്നും ആർ ബിന്ദു പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. പന്തളം നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ, കേരള സർവകലാശാല സെനറ്റ് അംഗങ്ങളായ ഡോ. എസ് ജ്യോത്സന, ഡോ. ആർ ശ്രീപ്രസാദ്, പ്രിൻസിപ്പൽ ഡോ. എം ജി സനൽകുമാർ, കോളേജ് കൗൺസിൽ സെക്രട്ടറി ലക്ഷ്മി പ്രസന്നൻ, സീനിയർ സൂപ്രണ്ട് കെ എൻ രാജേഷ് കുമാർ, റൂസ കോ -ഓർഡിനേറ്റർ ഡോ. എസ് ശരവണകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home