കുട്ടികളുടെ യാത്രയ്ക്ക് ഡബിൾബെല്ലുമായി എംഎൽഎ

ചാത്തൻതറയിൽനിന്ന് നവോദയയിലേക്ക് ആരംഭിച്ച ബസ് സർവീസ് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യുന്നു
റാന്നി
"ഇതുപോലൊരു എംഎൽഎയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം'. വെച്ചൂച്ചിറ കോളനി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സോണിയ സജിയുടെ വാക്കുകൾ കരഘോഷത്തോടെയാണ് കൂട്ടുകാരും നാട്ടുകാരും സ്വീകരിച്ചത്. മുക്കൂട്ടുതറ ഭാഗത്തുനിന്ന് കോളനി സ്കൂളിലേക്ക് വരുന്ന കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കാൻ നവോദയ ജങ്‌ഷൻ വരെ എത്തി സർവീസ് നിർത്തിയിരുന്ന കെഎസ്ആർടിസി ബസാണ് ചാത്തൻതറയിലേക്ക് നീട്ടിയത്. ഇതിന്റെ ഉദ്ഘാടനം നിർവഹിച്ച് ചാത്തൻതറയിൽനിന്ന് നവോദയയിലേക്ക് ബസിൽ യാത്ര ചെയ്‌തിറങ്ങിയപ്പോൾ വിദ്യാർഥികൾ ഒന്നടങ്കം അഡ്വ. പ്രമോദ് നാരായൺ എംഎൽഎയെ സ്വീകരിക്കാൻ അവിടെയെത്തി. രാവിലെ 8.10ന് ചാത്തൻതറയിൽനിന്ന് ആരംഭിച്ച സർവീസിന്റെ ഫ്ലാഗ് ഓഫ് എംഎൽഎ നിർവഹിച്ചു. ദിവസം 100 രൂപയിലധികം മുടക്കി ഓട്ടോറിക്ഷയും മറ്റും പിടിച്ചായിരുന്നു ഇതുവരെ കുട്ടികൾ സ്കൂളിൽ പോയിരുന്നത്. ചാത്തൻതറയിൽനിന്ന് രാവിലെ ബസ് ഇല്ലാത്തതിനാൽ ഇവിടെയുള്ള വിദ്യാർഥികളും ഉദ്യോഗസ്ഥരും എരുമേലി വഴി ഇരട്ടിദൂരം സഞ്ചരിച്ച് ചുറ്റിയാണ് റാന്നിയിൽ എത്തിയിരുന്നത്. ഈ പ്രശ്നത്തിനും ഇതോടെ പരിഹാരമാവുകയാണ്. കുട്ടികളും യാത്രക്കാരും അനുഭവിക്കുന്ന യാത്രാക്ലേശം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് എംഎൽഎ തന്നെ ഇടപെട്ട് പത്തനംതിട്ട ഡിടിഒയുടെ സാന്നിധ്യത്തിൽ സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും യോഗം വിളിച്ച് ബസ് സർവീസ് നീട്ടാൻ തീരുമാനിച്ചത്. ഇതിനോടൊപ്പം മണ്ണടിശാലയിൽനിന്ന് കടുമീൻചിറ ഗവ. ഹയർസെക്കൻഡറി സ്കൂളിലേക്ക് നീട്ടിയ കെഎസ്ആർടിസി ബസ് സർവീസിന്റെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു. മധുരപരഹാരങ്ങൾ നൽകിയാണ് കുട്ടികൾ എംഎൽഎയെ സ്വീകരിച്ചത്.









0 comments