വെച്ചൂച്ചിറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം

റാന്നി
വെച്ചൂച്ചിറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ഭയന്നുവിറച്ച് എക്സ് സർവീസ് മെൻ കോളനി നിവാസികൾ. പെരുന്തേനരുവി താന്നിക്കാപ്പുഴയിൽ എക്സ് സർവീസ് കോളനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തിങ്കളാഴ്ച രാവിലെ വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടത്. ടാപ്പിങ് തൊഴിലാളിയായ മാവുങ്കൽ ജോൺ (രാജൻ) പുലിയെ കണ്ടത് രാവിലെ ടാപ്പിങ്ങിന് പോകുമ്പോഴാണ്. വലിയ പുലി റോഡിന് മുകളിലത്തെ റബർ തോട്ടത്തിൽനിന്ന് താഴേക്കിറങ്ങി വരുന്നതാണ് കണ്ടത്. ഉടൻതന്നെ താൻ തിരിഞ്ഞ് ഓടിയതായും ഇദ്ദേഹം പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി കാൽപ്പാടുകൾ പുലിയുടേതെന്ന് സ്ഥിരീകരിച്ചു. വീടുകളില്ലാത്ത വിജനമായ സ്ഥലത്ത് കാടുപിടിച്ച റബർ തോട്ടത്തിന് നടുവിലാണ് പുലിയെ കണ്ടത്. തൊട്ടുതാഴെ ചെറിയ അരുവിയുണ്ട്. പുലി ഇവിടം വിട്ടുപോകാൻ സാധ്യതയില്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. രാത്രിയും പകലും ഈ ഭാഗത്ത് വനംവകുപ്പ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്തദിവസം തന്നെ കൂട് വയ്ക്കാനാണ് തീരുമാനം. വനമേഖലയോട് ചേർന്നല്ലാത്ത പ്രദേശത്ത് പുലി എങ്ങനെ എത്തിപ്പെട്ടുവെന്നതാണ് നാട്ടുകാർക്ക് ആശങ്ക. പമ്പാനദിക്ക് മറുകരയിൽ നാറാണംമൂഴി പഞ്ചായത്തിന്റെ ഭാഗത്താണ് വനമുള്ളത്. കുറേ ദിവസമായി വെച്ചൂച്ചിറയുടെ പല ഭാഗത്തും പുലിയുടെ സാന്നിധ്യം കണ്ടതായി പറയയുന്നു. നെല്ലിശ്ശേരി പാറ, പ്ലാവേലി നിരവ് എന്നിവിടങ്ങളിലാണ് നേരത്തെ പുലിയുടെ സാന്നിധ്യമുണ്ടായതായി പറയുന്നത്. പക്ഷേ ഇതുവരെ മൃഗങ്ങളെ ഒന്നും പുലി പിടിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്തെങ്കിലും അവശതയോ അസുഖങ്ങളോ ഉള്ള പുലിയാണോ ഇതെന്ന് സംശയിക്കുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അന്തിമാനുമതി ലഭിച്ചാൽ ഉടൻ കൂടുവയ്ക്കാനാണ് തീരുമാനം. പുലിയുടെ സാന്നിധ്യം നാട്ടുകാരുടെയാകെ ഉറക്കം കെടുത്തിരിക്കുകയാണ്. ഇവിടെ വീടുകൾ തമ്മിൽ നല്ല അകലമുണ്ട്. തോട്ടം മേഖലയാണ്. പുലർച്ചെ അഞ്ചുമുതലാണ് തൊഴിലാളികൾ റബർ ടാപ്പിങ് ആരംഭിക്കുന്നത്. പുലിപ്പേടി കാരണം ആർക്കും ടാപ്പിങ്ങിന് പോകാനാവാത്ത അവസ്ഥയാണ്. റബറിനെ ആശ്രയിച്ച് കഴിയുന്ന കർഷകർക്ക് ഇത് വലിയ ബുദ്ധിമുട്ടാകും.









0 comments