പാക്കണ്ടത്തിൽ പുലിയെത്തിയത് കുഞ്ഞുങ്ങളുമായി

ലിയെത്തിയ പൂമരുതിക്കുഴിയിൽ പൊൻവേലി സതീഷിന്റെ വീട് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചപ്പോൾ
കലഞ്ഞൂർ
കഴിഞ്ഞ ബുധനാഴ്ച കലഞ്ഞൂർ പാക്കണ്ടത്തിലെ വീട്ടിലെത്തിയത് മൂന്ന് പുലികളെന്ന് വ്യക്തമാക്കി സിസിടിവി ദൃശ്യങ്ങൾ. രണ്ട് കുഞ്ഞുങ്ങളുമായെത്തിയ പുലി പാക്കണ്ടത്തിൽ ആര്യഭവനിൽ ബാബുവിന്റെ വീട്ടിലെ സിസിടിവിയിലാണ് പതിഞ്ഞത്.
ഒരു പുലി കോഴിക്കൂട്ടിലെത്തി കോഴിയെ പിടിക്കുന്നതിന്റെയും അൽപ്പം ദൂരെ മാറി മൂന്ന് പുലിക്കുഞ്ഞുങ്ങൾ നിൽക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവി വിശദമായി പരിശോധിച്ചപ്പോൾ കണ്ടത്. ബാബുവിന്റെ വീട്ടിൽനിന്ന് സ്ഥിരമായി കോഴികളെ കാണാതായപ്പോൾ പള്ളിപ്പാക്കാൻ പിടിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയാണെന്ന് തിരിച്ചറിഞ്ഞത്. കൂടിന്റെ അടിയിലൂടെ പുലി കൈ അകത്തേക്കിട്ട് കോഴിയുടെ കാലിൽ പിടിച്ചു വലിച്ചു പുറത്തിടുകയാണ് ചെയ്തിരുന്നത്.
പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പാക്കണ്ടത്തിലും, തട്ടാക്കുടി പൂമരുതിക്കുഴിയിലും വനം വകുപ്പ് കൂട് സ്ഥാപിച്ചു. കൂടാതെ രാപ്പകൽ വ്യത്യാസമില്ലാതെ പ്രദേശങ്ങളിൽ വനംവകുപ്പ് പട്രോളിങ്ങും നടത്തിവരികയാണ്. പുലി വീട്ടിൽക്കയറിയ പൂമരുതിക്കുഴിയിൽ പൊൻവേലി സതീഷിന്റെ വീട് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു. പുലിയുടെ താവളം കണ്ടെത്താൻ ഡ്രോൺ പരിേശാധന ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ആനകളുടെ ആക്രമണം നിയന്ത്രിക്കാൻ ജനകീയ സമിതിയുടെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ ആനകളെ ഉൾവനത്തിലേക്ക് ഓടിച്ചുകയറ്റാൻ നടപടി സ്വീകരിച്ചതായും എംഎൽഎ പറഞ്ഞു.









0 comments