വടക്കടത്തുകാവ്– ഐവർകാല 
റോഡിൽ യാത്രാ ദുരിതം ഒഴിയുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 06, 2025, 12:29 AM | 1 min read

അടൂർ

വടക്കടത്തുകാവ്– ഐവർകാല റോഡിന്റെ ദുരിതം ഒഴിയുന്നു. റോഡ് നിർമാണത്തിന് കരാറായി. റോഡ് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ സംസ്ഥാന സർക്കാർ 11 കോടി രൂപ അനുവദിച്ചെങ്കിലും കരാർ എടുക്കാൻ ആളില്ലാതെ വന്നതോടെ നിർമാണം വൈകുകയായിരുന്നു. മൂന്ന് തവണ ടെഡർ ചെയ്തെങ്കിലും ആരും ടെൻഡറിൽ പങ്കെടുത്തില്ല. കഴിഞ്ഞ ദിവസത്തെ ടെൻഡറിലാണ് കരാറുകാരൻ പങ്കെടുത്തത്. റോഡ് നിർമാണം വൈകിയത് റോഡിന്റെ തകർച്ചയ്ക്ക് കാരണവുമായി. കിഫ്ബിയിലാണ് ഒന്നര വർഷം മുമ്പ് തുക അനുവദിച്ചത്. ജലജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കൽ വൈകിയതിനാൽ ആദ്യം കരാറെടുത്തയാൾ നിർമാണം ആരംഭിക്കാൻ തയ്യാറായില്ല. വടക്കടത്തുകാവിൽ നിന്ന്‌ ഏഴ് കിലോമീറ്റർ ദൂരം വരെ റോഡ് തകർന്ന്‌ കിടക്കുകയാണ്. റോഡിൽ കുഴികൾ രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂർണമായി. മഴക്കാലമായതോടെ കുഴികളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. കുഴിയുടെ ആഴമറിയാതെ ഇരുചക്ര വാഹനങ്ങളിൽ വരുന്നവർ അപകടത്തിൽ പെടുന്നു. രാത്രിയിൽ കുഴികൾ കാണാതെ മറിഞ്ഞ് വീഴുന്നത് നിരവധി ബൈക്ക്‌ യാത്രക്കാരാണ്. ഏറത്ത്, കടമ്പനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. ഓടയില്ലാത്തതിനാൽ ശക്തമായ വെള്ളം ഒഴുക്ക് കാരണം റോഡിന്‌ വശങ്ങളിലെ മണ്ണ് പലയിടത്തും ഒഴുകിപ്പോയി വശങ്ങളിൽ താഴ്‌ചയിലുള്ള ചാലുകളും രൂപപ്പെട്ടു. അതിനാൽ എതിരെ വാഹനങ്ങൾ വന്നാൽ റോഡരുകിലേക്ക് ഒതുക്കാൻ കഴിയാത്ത അവസ്ഥയാണ്‌. ചൂരക്കോട്, ഇലങ്കത്തിൽ ക്ഷേത്ര ഭാഗം, എണ്ണയ്ക്കാട്ട് പടി, ചിറ്റാണിമുക്ക്, ഏറത്ത് പഞ്ചായത്ത് സ്റ്റേഡിയം ഭാഗം, അന്തിച്ചിറ, മാഞ്ഞാലി, നിലയ്ക്കമുകൾ ഭാഗങ്ങളിൽ റോഡിൽ നിറയെ കുഴികളാണ്. മിക്കയിടത്തും മെറ്റലിളകി കിടക്കുകയാണ്. ഏറത്ത് പഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, മൃഗാശുപത്രി, സ്കൂളുകൾ, പൊലീസ് ക്യാമ്പ്, വിവിധ ക്ഷേത്രങ്ങൾ, കടമ്പനാട് പിഎച്ച്സി, ആയുർവേദ ആശുപത്രി, ഏഴംകുളം– ഏനാത്ത്– കടമ്പനാട് മിനി ഹൈവേ എന്നിവിടങ്ങളിലേക്കും എംസി റോഡിലേക്കുമുള്ള എളുപ്പവഴിയാണ് തകർന്ന്‌ കിടക്കുന്നത്‌. ചൂരക്കോട് ഭാഗത്ത് റോഡിന്റെ വശങ്ങളിൽ കാട് വളർന്ന് നിൽക്കുന്നത് മൂലം കാൽനടയാത്ര പോലും ദുഷ്കരമാണ്. റോഡിന്റെ തകർച്ച മൂലം ഓട്ടോറിക്ഷ വിളിച്ചാൽ അവർ ഇതുവഴി വരാൻ മടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home