മുണ്ടക്കൈ ഫണ്ടുപിരിവ്
രാഹുലിന്റെ വാദം പച്ചക്കള്ളം

ആർ രാജേഷ്
പത്തനംതിട്ട
മുണ്ടക്കൈ ദുരന്തബാധിതർക്ക് വീടുനിർമിച്ചു നൽകാനെന്ന പേരിലുള്ള ഫണ്ട് ശേഖരണം നിർത്തിയെന്ന സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം പച്ചക്കള്ളം. ധനസമാഹരണം തുടരുകയാണെന്ന് രാഹുലിന്റെ ഉറ്റ അനുയായിയും യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ വിജയ് ഇന്ദുചൂഢൻ പറഞ്ഞു. ഒരു നിയോജക മണ്ഡലത്തിന് രണ്ടു ലക്ഷം രൂപവച്ച് ആകെ 10 ലക്ഷമായിരുന്നു ജില്ലയിലെ ക്വാട്ട. നാലു ലക്ഷത്തിലധികം രൂപ ആദ്യഘട്ടത്തിൽ സമാഹരിച്ചു. 10 ലക്ഷം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്. ഫണ്ടുപിരിവ് സംസ്ഥാനവ്യാപകമായും പുറത്തും നടന്നതിനാൽ ആകെ എത്രകിട്ടിയെന്നത് കൃത്യമായി പറയാനാകില്ല. പിരിവ് നടക്കാത്ത കമ്മിറ്റികളുമുണ്ട്–- വിജയ് ഇന്ദുചൂഢൻ പറഞ്ഞു. ലഭിച്ച തുക സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ വിജയ്, അതിൽ പത്തനംതിട്ടയിൽനിന്ന് കൊടുത്ത തുകയുടെ കണക്കുണ്ടോയെന്ന ചോദ്യത്തിന് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് താൻ കണ്ടിട്ടില്ലെന്നും പറഞ്ഞു. മുണ്ടക്കൈ ഫണ്ട് ശേഖരണം വിവാദമായതോടെയാണ് പിരിവ് പൂർത്തിയായെന്ന വാദവുമായി രാഹുൽ രംഗത്തെത്തിയത്. ബാങ്കുവഴി ആകെ 88 ലക്ഷം രൂപ മാത്രമേ കിട്ടിയുള്ളൂവെന്നും അവകാശപ്പെട്ടിരുന്നു. മാധ്യമപ്രവർത്തകരടക്കം സംശയമുന്നയിച്ചപ്പോൾ ബാങ്ക് സ്‌റ്റേറ്റ്‌മെന്റും മറ്റും ഉയർത്തിക്കാട്ടി പ്രതിരോധിക്കാനായിരുന്നു ശ്രമം. ഫണ്ടുപിരിച്ചു നൽകാത്ത 19 നിയോജക മണ്ഡലം പ്രസിഡന്റുമാരെ സസ്‌പെൻഡ് ചെയ്‌തതായും രാഹുൽ അവകാശപ്പെട്ടിരുന്നു. അതിനിടെയാണ് ഉറ്റ അനുയായിയുടെ വെളിപ്പെടുത്തൽ.









0 comments