കാട്ടുപന്നി ശല്യത്തിനൊപ്പം പെരുമ്പാമ്പുകളും വര്‍ധിക്കുന്നു

മല്ലപ്പള്ളി
കാട്ടുപന്നി ശല്യത്തിനൊപ്പം പെരുമ്പാമ്പുകളുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്നതായി പരാതി. ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ, കോട്ടാങ്ങല്‍ എന്നീ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ മണിമലയാറിന്റെ തീരത്തോട് ചേര്‍ന്ന സ്ഥലങ്ങളിലും പരിസരങ്ങളിലുമാണ് പെരുമ്പാമ്പുകള്‍ പെരുകുന്നത്. മൂന്ന് മാസത്തിനിടയില്‍ മല്ലപ്പള്ളി ടൗണിന്റെ പരിസരപ്രദേശങ്ങളില്‍ അറ്റുതീരങ്ങളോട് ചേര്‍ന്ന സ്ഥലങ്ങളില്‍ നിന്നും ആറ് പെരുമ്പാമ്പുകളെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ കണ്ടെത്തി വനംവകുപ്പിന് കൈമാറിയത്. മഴക്കാലത്ത് ആറ്റിലൂടെ ഒഴുകിയെത്തുന്ന പെരുമ്പാമ്പുകള്‍ പൊന്തകാടുകളിലും, ഒറ്റപ്പെട്ട പറമ്പുകളിലും തങ്ങുകയും, രാത്രി സമയങ്ങളില്‍ ഇര തേടി ഇറങ്ങുകയുമാണ് ചെയ്യുന്നത്. കോഴികളെ ഉള്‍പ്പടെ ഇവ ഭക്ഷണമാക്കുന്നുണ്ട്. മല്ലപ്പള്ളി ചാലുങ്കല്‍ ഓമനയുടെ വീട്ടില്‍ നിന്നാണ് ബുധന്‍ ഉച്ചയ്ക്ക് ശേഷം പെരുമ്പാമ്പിനെ കണ്ടെത്തിയത്. പറമ്പില്‍ പണിക്കെത്തിയവര്‍ കണ്ടെത്തിയ പാമ്പിനെ പഞ്ചായത്ത് അംഗങ്ങളായ രോഹിണി ജോസിന്റെയും ബിജു പുറത്തൂടന്റെയും നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടി വനംവകുപ്പിന് കൈമാറി.









0 comments