സീതത്തോട്–നിലയ്ക്കൽ കുടിവെള്ള പദ്ധതി ഉദ്‌ഘാടനം 27ന്‌

ശബരിമലയിലേക്ക്‌ കുടിവെള്ള വിതരണം ഇനി സുഗമം

Photo
വെബ് ഡെസ്ക്

Published on Oct 25, 2025, 12:05 AM | 1 min read

പത്തനംതിട്ട

ശബരിമലയിലും സമീപപ്രദേശങ്ങളിലും ഇനി കുടിവെള്ള വിതരണം സുഗമമായി നടക്കും. മണ്ഡല–മകരവിളക്ക് തീർഥാടന കാലത്തും മാസപൂജസമയത്തും ശബരിമലയിലും പരിസരത്തും പൂർണമായ ശുദ്ധജലവിതരണം ഉറപ്പാക്കുന്ന സീതത്തോട്–നിലയ്ക്കൽ കുടിവെള്ള പദ്ധതി പ്രവർത്തനസജ്ജമായി. പദ്ധതി പ്രവർത്തനോദ്ഘാടനം തിങ്കളാഴ്ച പകൽ 11ന് നിലയ്ക്കൽ ദേവസ്വം ബോർഡ് നടപ്പന്തലിൽ നടക്കുന്ന ചടങ്ങിൽ ജലമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനാകും. പദ്ധതി നടപ്പാകുന്നതോടെ ശബരിമലയിലേക്കുള്ള ടാങ്കർ ലോറി മുഖേന കുടിവെള്ള വിതരണ സംവിധാനം പൂർണമായും ഒഴിവാക്കാനാകും. ശബരിമല നിലയ്ക്കൽ ബേസ് ക്യാന്പിനും സീതത്തോട് പഞ്ചായത്തിനും പെരുനാട് പഞ്ചായത്തിലെ പ്ലാപ്പള്ളി, ളാഹ പ്രദേശങ്ങൾക്കും ആവശ്യമായ കുടിവെള്ളമാണ്‌ ഉറപ്പാക്കുന്നത്‌. നബാർഡ് സഹായത്തോടെയുള്ള പദ്ധതി 84.38 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഇ‍ൗ തീർഥാടനകാലത്തിനുമുമ്പ്‌ പദ്ധതി നാടിന്‌ സമർപ്പിക്കുമെന്ന്‌ മന്ത്രി റോഷി അഗസ്റ്റിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

120 കോടി രൂപയുടെ ഭരണാനുമതിയോടെയാണ്‌ നിർമാണം തുടങ്ങിയത്‌. കടുത്ത കുടിവെള്ളക്ഷാമം അനുഭവിച്ചിരുന്ന സീതത്തോട്, പെരുനാട് പഞ്ചായത്തുകൾക്കും അരുവിയിലെ ജലം ആശ്രയിച്ച്‌ ജീവിച്ചിരുന്ന അട്ടത്തോട്, ളാഹ പ്രദേശവാസികൾക്കും സ്ഥിരമായ ജലവിതരണമാണ്‌ പദ്ധതിയിലൂടെ ലഭ്യമാകുക.

സീതത്തോട്ടിലാണ് പദ്ധതിയുടെ ശുദ്ധീകരണശാല. ഇവിടെനിന്ന്‌ നിലയ്ക്കൽ വരെ 22 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് കുടിവെള്ളമെത്തിക്കുക. 13 ദശലക്ഷം ലിറ്റർ പ്രതിദിനശേഷിയുള്ള ആധുനിക ജലശുദ്ധീകരണശാല, ഒമ്പതുമീറ്റർ വ്യാസമുള്ള കിണർ, 20 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണികൾ, 22.5 കിലോമീറ്റർ നീളമുള്ള പമ്പിങ് ലൈൻ എന്നിവയാണ് പദ്ധതിയുടെ പ്രധാനഘടകങ്ങൾ.


ചിത്രം: സീതത്തോട്‌ – നിലയ്‌ക്കൽ കുടിവെള്ളപദ്ധതി

Highlights: പ്രതിദിന ശേഷി 13 ദശലക്ഷം ലിറ്റർ




deshabhimani section

Related News

View More
0 comments
Sort by

Home