കാലായിൽപ്പടി –- മാർത്തോമ്മ പള്ളിപ്പടി റോഡ്
നവീകരണം പൂർത്തിയായി

നവീകരിച്ച കാലായിൽപ്പടി –- മാർത്തോമ്മ പള്ളിപ്പടി റോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ ഉദ്‌ഘാടനം ചെയ്യുന്നു
കോന്നി
സഞ്ചാരയോഗ്യമല്ലാതിരുന്ന കോന്നി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡിലെ കാലായിൽപ്പടി –- മാർത്തോമ്മ പള്ളിപ്പടി റോഡ് നവീകരണം പൂർത്തിയായി. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ജില്ലാ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 22 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. കിഴക്കുപുറം, പൊന്നമ്പ് പ്രദേശങ്ങളെ അട്ടച്ചാക്കൽ, ചെങ്ങറ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളിലെ ആറോളം വാർഡിലെ ജനങ്ങളാശ്രയിക്കുന്ന റോഡ് കഴിഞ്ഞ കുറേ കാലമായി തകർന്ന നിലയിലായിരുന്നു. വയലിന്റെ മധ്യത്തിലൂടെയുള്ള റോഡിന്റെ സംരക്ഷണഭിത്തി ദുർബലാവസ്ഥയിലാകുകയും റോഡ് ഇടിഞ്ഞ് താഴുകയും ചെയ്തതോടെ പഞ്ചായത്ത് വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. നവീകരണത്തിന്റെ ഭാഗമായി 30 മീറ്ററോളം ഭാഗത്തെ സംരക്ഷണഭിത്തി പുനർനിർമിച്ചു. കോൺക്രീറ്റ് പൂർണമായും കോൺക്രീറ്റുചെയ്‌ത് നവീകരിച്ചു. റോഡ് ബലപ്പെടുത്തുന്നതിനൊപ്പം വലിയതോടിന് കുറുകെയുള്ള പാലത്തിന്റെ തകർന്ന കൈവരികൾ പുനർനിർമിച്ചു. പൂർണമായും ഐറിഷ് ഓട നിർമിച്ചു. ഈ റോഡിന്റെ മാർത്തോമ്മ പള്ളിപ്പടി ഭാഗം ജില്ലാ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ച് നേരത്തേ വീതി കൂട്ടി നവീകരിച്ചിരുന്നു. അന്ന് പൂർത്തിയാകാതെ പോയ പേരങ്ങാട്ടുപടി ഭാഗം കൂടി ഈ പദ്ധതിയുടെ ഭാഗമായി വീതി കൂട്ടി നവീകരിച്ചതോടെ റോഡ് പൂർണമായും സഞ്ചാര യോഗ്യമായി. കിടങ്ങേൽ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ നവീകരിച്ച റോഡ് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുൽ വെട്ടൂർ, തോമസ് കാലായിൽ, സി എസ് സോമൻ പിള്ള, കെ പി ശിവദാസ്, സജി പീടികയിൽ, കെ എസ് ബിജു, ബിൻസൺ ബി ജോസഫ് എന്നിവർ സംസാരിച്ചു. വയലിന്റെ നടുവിലൂടെയുള്ള റോഡായതിനാൽ ഇവിടെ ആദ്യഘട്ടം നാലുമണിക്കാറ്റ് പോലെയൊരു ടൂറിസം പദ്ധതി കൂടി വിഭാവനം ചെയ്‌തിരുന്നു. എന്നാൽ ഉടമകൾ സ്ഥലം വിട്ടുനൽകാൻ മടിച്ചതോടെ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.









0 comments