വള്ളിക്കോടിന്റെ വഴിയേ വിളവിന്റെ സമൃദ്ധി

ഷാഹീർ പ്രണവം
Published on Aug 03, 2025, 12:05 AM | 1 min read
കോന്നി
കേരളത്തിലെ 107 കൃഷിസമൃദ്ധി പഞ്ചായത്തുകളിലൊന്നാണ് വള്ളിക്കോട്. നെല്ല്, കരിമ്പ്, ഏത്തവാഴ, പച്ചക്കറി, ഇഞ്ചി, മഞ്ഞൾ എന്നുവേണ്ട എല്ലാ കൃഷിയിലും സ്വയംപര്യാപ്‌തത നേടി ഈ ഗ്രാമം. 23 കൃഷിക്കൂട്ടങ്ങളുണ്ടിവിടെ. അപ്പർ കുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്നതും ഇവിടെയാണ്.
ആധുനികരീതിയിലുള്ള ഓപ്പൺ പ്രസിഷ്യൻ–- ഫ്രൂട്ട്സ് ഫാമുകൾ, കുരുമുളക് ഗ്രാമം, കേരഗ്രാമം എന്നിവയും പഞ്ചായത്തിന്റെ കൃഷി അഭിനിവേശം വിളിച്ചോതുന്നു. ഹൈബ്രിഡ് പച്ചക്കറിതൈകളും വിതരണം ചെയ്യുന്നുണ്ട്. സ്‌കൂളുകളിൽ പൂകൃഷിയും ആരംഭിക്കാനായി. കൃഷിക്കുവേണ്ടി ചെറുതും വലുതുമായ നിരവധി തോട് നവീകരിച്ചു. ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെയാണ് കൃഷിസമൃദ്ധി പദ്ധതി മുന്നേറുന്നത്.
തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് ഫലവൃക്ഷത്തൈ ഉൽപ്പാദനവും വിതരണവും തൈവച്ചുപിടിപ്പിക്കലും തരിശുഭൂമി കൃഷിയോഗ്യമാക്കലും തോടുനവീകരണവുമൊക്കെ. ഗ്രാമീണറോഡുകളും സ്‌കൂളുകളും അങ്കണവാടികളും സ്‌മാർട്ടാക്കാനായി. മൂർത്തിമുരുപ്പ് കുടിവെള്ള പദ്ധതി പൂർത്തിയാക്കാനായി. ജലജീവൻ പദ്ധതി ഈ മാസം പൂർത്തിയാക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ വയലാവടക്കിൽ കുടിവെള്ള പദ്ധതി നിർമാണം തുടങ്ങി.
എംഎൽഎ ഫണ്ടും സർക്കാർ ഫണ്ടും ഉപയോഗിച്ച് കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിച്ചു. ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി. സർക്കാർ ഫണ്ടുപയോഗിച്ച് വള്ളിക്കോട് ജിഎൽപി സ്‌കൂളിന് പുതിയ കെട്ടിടം നിർമിച്ചു.









0 comments