പട്ടയമേളയ്‌ക്കൊരുങ്ങി പത്തനംതിട്ട
307 കുടുംബങ്ങൾ ഭൂമിക്ക് അവകാശികളാകും

പത്തനംതിട്ട
ജില്ലയിലെ 307 കുടുംബങ്ങൾക്കുകൂടി ഇനി സ്വന്തം ഭൂമി. "എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എല്ലാ സേവനങ്ങളും സ്‌മാർട്ട്' എന്ന മുദ്രാവാക്യവുമായി റവന്യൂ വകുപ്പിന്റെ പട്ടയമേള തിങ്കൾ രാവിലെ 10 മുതൽ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. റവന്യൂ മന്ത്രി കെ രാജൻ കൈവശരേഖ കൈമാറും. ഏഴ് മുൻസിപ്പൽ പട്ടയം, 59 എൽടി, 192 എൽഎ, 49 വനാവകാശരേഖയും ഉൾപ്പെടെ 307 പട്ടയമാണ് വിതരണം ചെയ്യുന്നത്. കോന്നി –-36, റാന്നി –-79, ആറന്മുള –-80, തിരുവല്ല–-24, അടൂർ–-39 എന്നിങ്ങനെയാണ് ജില്ലയിൽ പട്ടയം വിതരണം ചെയ്യുന്നത്. പള്ളിക്കൽ പഞ്ചായത്തിലെ എട്ടാം വാർഡ് കോളനിയിലെ 16 കൈവശക്കാർക്ക് പട്ടയം നൽകും. പട്ടയമിഷന്റെ ഭാഗമായി പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തിയ കോയിപ്രം വില്ലേജിലെ തെറ്റുപാറ കോളനിയിലെ 10 കൈവശക്കാർക്കും പട്ടയം ലഭിക്കും. പെരുമ്പെട്ടി വില്ലേജിൽ ഡിജിറ്റൽ സർവേ നടപടിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. സർവേ നടപടി പൂർത്തിയാക്കുന്നതനുസരിച്ച് കൈവശക്കാരുടെ പട്ടയ അപേക്ഷയിൽ നടപടി സ്വീകരിക്കും.








0 comments