പഴവങ്ങാടി പഞ്ചായത്തിനെതിരെ പ്രതിഷേധം ഇന്ന്

റാന്നി
വികസനം അട്ടിമറിക്കുന്ന പഴവങ്ങാടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ മാർച്ച് ചൊവ്വ രാവിലെ 10ന് സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. കേവലം രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ പഴവങ്ങാടി പഞ്ചായത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നത്. കെഎസ്ആർടിസി, -സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ എത്തുന്ന യാത്രക്കാർക്ക് ഒരു പോലെ ഉപകാരപ്പെടുന്ന രീതിയിൽ ബസ് ടെർമിനൽ നിർമിക്കുന്നതിന് മൂന്നു കോടി രൂപയാണ് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അനുവദിച്ച് നൽകിയത്. ഇതിന് അനുയോജ്യമായ സ്ഥലം ഉണ്ടായിട്ടും അത് ഒഴിവാക്കി യാത്രക്കാർക്ക് ചെന്നെത്താൻ പറ്റാത്ത ചെളിക്കുഴിയിലാണ് പഞ്ചായത്ത് സ്ഥലം കണ്ടെത്തി നൽകിയത്. നേരത്തെ ഇട്ടിയപ്പാറയിൽ ബസ്റ്റാൻഡിനുള്ളിൽ വിമൻ അമിനിറ്റി സെന്റർ നിർമിക്കുന്നതിന് രാജു ഏബ്രഹാം എംഎൽഎ ആയിരുന്ന സമയത്ത് ഒരു കോടി രൂപ അനുവദിച്ചിരുന്നു. - എന്നാൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സ്ഥലം ഇല്ല എന്ന് പൊതുമരാമത്ത് വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് പദ്ധതി അട്ടിമറിച്ചു. എൽഡിഎഫ് മുൻ പഞ്ചായത്ത് ഭരണസമിതിയുടെയും എൽഡിഎഫ് ജനപ്രതിനിധികളുടെയും വികസന പ്രവർത്തനങ്ങൾ പാടെ അവഗണിച്ച് പൊതുജനത്തിനെ ബുദ്ധിമുട്ടിപ്പിക്കുകയാണ് ഇപ്പോഴത്തെ യുഡിഎഫ് ഭരണസമിതി ചെയ്യുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം നടത്തുന്നതെന്ന് എൽഡിഎഫ് കൺവീനർ കെ കെ സുരേന്ദ്രൻ പറഞ്ഞു.









0 comments