അടൂര്‍ നിയോജക മണ്ഡലത്തിൽ 39 കുടുംബങ്ങൾക്ക്​ പട്ടയം വിതരണം ചെയ്തു

സര്‍ക്കാര്‍ ലക്ഷ്യം എല്ലാവര്‍ക്കും ഭൂമി : മന്ത്രി കെ രാജന്‍

Minister
വെബ് ഡെസ്ക്

Published on Aug 08, 2025, 12:05 AM | 1 min read


അടൂർ

എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. കടമ്പനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും അടൂര്‍ നിയോജക മണ്ഡലത്തിലെ പട്ടയ വിതരണ ഉദ്ഘാടനവും കെആര്‍കെപിഎം സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ഒമ്പത്​ വര്‍ഷത്തിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പട്ടയം നല്‍കിയത്. ഇത് അഞ്ച്​ ലക്ഷമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

അടൂര്‍ മണ്ഡലത്തിലെ 39 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. അടൂര്‍ താലൂക്കിലെ പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ 17 കൈവശക്കാര്‍ പട്ടയം ഏറ്റുവാങ്ങി. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണ് അന്ത്യമായത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി.

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നം മൂലമാണ് പെരിങ്ങനാട് വില്ലേജിലെ പള്ളിക്കല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളനിയിലെ കൈവശക്കാര്‍ക്ക് പട്ടയം ലഭിക്കാതിരുന്നത്. പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി ഇത്​ പരിഹരിച്ചു. പള്ളിക്കല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കൈവശമുള്ള ഭൂമിക്കും പട്ടയം നല്‍കി.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, സി കൃഷ്ണകുമാര്‍, കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണന്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ഷിബു, വിമല മധു, കടമ്പനാട് പഞ്ചായത്തംഗം ടി പ്രസന്നകുമാര്‍, എഡിഎം ബി ജ്യോതി, അടൂര്‍ ആര്‍ഡിഒ എം ബിപിന്‍കുമാര്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ബിജി തോമസ് എന്നിവരും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home