തെറ്റുപാറ നിവാസികൾക്ക് പട്ടയം നാളെ ലഭിക്കും
50 വർഷത്തിന്റെ കാത്തിരിപ്പിന് വിരാമം

ഇരവിപേരൂർ
അമ്പത് വർഷത്തിലധികം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പുല്ലാട് കോയിപ്രം പഞ്ചായത്തിൽ തെറ്റുപാറ നിവാസികളായ കുടുംബങ്ങൾക്ക് തിങ്കളാഴ്ച പട്ടയം കിട്ടും. കോയിപ്രം പഞ്ചായത്ത് ഏഴാം വാർഡിൽ താമസിക്കുന്ന തെറ്റു പാറയിലെ 10 കുടുംബങ്ങൾക്കാണ് തിങ്കളാഴ്ച പട്ടയം ലഭിക്കുന്നത്. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് വീടിന്റെ പേരിലുള്ള അവകാശം തെളിയിക്കാനുള്ള ഒരു രേഖയുമില്ലായിരുന്നു. ഇത് കാരണം സർക്കാർ ആനുകൂല്യങ്ങളും വായ്‌പാസൗകര്യവുമെല്ലാം മുടങ്ങിയ പ്രയാസത്തിലായിരുന്നു. 50 വർഷത്തിലേറെയായി 11 കുടുംബങ്ങൾ പട്ടയമോ മറ്റ് രേഖകളോ ഇല്ലാതെ താമസിച്ചു വരികയായിരുന്നു.1997 കുടുംബങ്ങൾക്ക് കൈവശ അവകാശ രേഖ കോയിപ്രം പഞ്ചായത്തു നൽകിയിരുന്നു എന്നാൽ പട്ടയം ലഭിച്ചില്ല. കെ സി രാജഗോപാലൻ എംഎൽഎ ആയിരുന്ന കാലത്താണ് പട്ടയത്തിനു വേണ്ടി ശക്തമായ പ്രവർത്തനം ആരംഭിച്ചത്. തുടർന്നാണ് 2022ൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും ജില്ലാ കമ്മിറ്റിയംഗമായിരുന്ന അഡ്വ. പീലിപ്പോസ് തോമസും പൊതുമരാമത്ത് വകുപ്പിനും റവന്യൂ വകുപ്പിനും അപേക്ഷ നൽകി. പൊതുമരാമത്ത് റോഡ് പുറമ്പോക്കാണെന്ന് പറഞ്ഞ് പട്ടയം നൽകുന്നത് തടയുകയായിരുന്നു. സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ പക്കലാണോയെന്നറിയാൻ അഡ്വ. പീലിപ്പോസ് തോമസ് വിവരാവകാശ അപേക്ഷ നൽകി. കുന്നന്താനം ഭാഗത്തുനിന്നും തുടങ്ങി കുമ്പനാട് - ചെറുകോൽപ്പുഴ റോഡിൽ ആത്മാവ് ജങ്ഷനിൽ അവസാനിക്കുന്ന പൊതുമരാമത്ത് വകുപ്പ് റോഡിൽ തെറ്റുപാറ കോളനി ഉൾപ്പെടുന്ന അഞ്ചുപുരക്കൽ റോഡ് കടന്നു പോകുന്നില്ലെന്നും അഞ്ചു പുരക്കൽ ഭാഗം പൊതുമരാമത്ത് വകുപ്പ് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുന്നില്ലെന്നുമായിരുന്നു മറുപടി. തുടർന്ന് പട്ടയത്തിനപേക്ഷിച്ച 11 കുടുംബവും കെഎസ്കെടിയു പ്രവർത്തകരും കോയിപ്രം വില്ലേജ് ഓഫീസിനുമുന്നിൽ ധർണ നടത്തി. തുടർന്ന് കോയിപ്രം പഞ്ചായത്ത് സെക്രട്ടറി കൈവശവക്കാർക്ക് ഭൂമി നൽകാൻ സമ്മതമാണെന്ന് റവന്യൂ വകുപ്പിനെ അറിയിച്ചു. 2024ലെ പട്ടയമേളയിൽ തിരുവല്ല താലൂക്ക് സമർപ്പിച്ച പട്ടികയിൽ തെറ്റുപാറയിലെ 11 കുടുംബങ്ങളെയും ഉൾപ്പെടുത്തി രേഖകൾ തയ്യാറാക്കുകയായിരുന്നു.









0 comments