അത്തം നാളെ
ഓണം വന്നെത്തി; നാടൻ ഏത്തക്കുലയും


സ്വന്തം ലേഖകൻ
Published on Aug 25, 2025, 11:05 AM | 1 min read
പത്തനംതിട്ട
നാളെ അത്തം പിറക്കും. ഓണത്തിനുള്ള ഒരുക്കങ്ങൾ ഏവരും തുടങ്ങിക്കഴിഞ്ഞു. ഇന്നോടെ വിപണിയും സജീവമാകും. ഉപ്പേരിയും ശർക്കരവരട്ടിയുമില്ലാതെയെന്ത് ഓണം. ആഘോഷത്തിന്റെ അഭിവാജ്യഘടകമായ ഏത്തക്കുലകൾ വെട്ടിയിറക്കി വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
കാലവർക്കെടുതിയും കാലാവസ്ഥമാറ്റവും മൂലം വയനാടൻ വാഴക്കുലകൾ വിപണി വാണിരുന്ന കാലമാണ് കഴിഞ്ഞവർഷങ്ങളിൽ പോയത്. വിലക്കുറവാണെന്നതിനാൽ അന്ന് മിക്കവരും വയനാടൻ കുലകൊണ്ട് തൃപ്‌തിപ്പെട്ടു. ഇക്കുറി നാട്ടിലേക്ക് ആവശ്യമായ ഏത്തക്കുലകൾ കർഷകർ കൃഷിയിറക്കിയിട്ടുണ്ട്. കാട്ടുപന്നിശല്യവും മഴയിൽ കൃഷിനാശവും ഒഴിച്ച് നിർത്തിയാൽ മിക്കവർക്കും നല്ല വിളവ് ലഭിച്ചു. ഓണത്തിന് മികച്ച വില ലഭിക്കുമെന്നതിനാൽ ഇതിൽ കണ്ണുംനട്ടിരിക്കുകയാണ് ഭൂരിഭാഗം കർഷകർ. മറുനാടൻ ഏത്തക്കയ്‌ക്ക് വിപണിയിൽ ഇപ്പോൾ 50 രൂപയാണെങ്കിൽ നാടൻകുലയ്‌ക്ക് 80 മുതൽ 90 രൂപ വരെയാണ്. ഓണമാകുമ്പോഴേക്കും വില ഇരട്ടിയോളമാകും.
ഓണത്തിന് കരുതി ഏത്തവാഴനട്ട കർഷകരിൽ പകുതിയോളം പേർക്ക് വാഴക്കുല വെട്ടാൻ പാകമായിട്ടില്ലെന്ന ബുദ്ധിമുട്ടുമുണ്ട്. വൃശ്ചികത്തിലാണ് ഓണത്തിനായുള്ള വാഴവിത്ത് നടുന്നത്. എന്നാൽ പലയിടങ്ങളിലും വേനൽ നീണ്ടനാൾ തുടർന്നതിനാൽ വെള്ളം ലഭിക്കാനാവാതെ വളർച്ച മുടങ്ങി. വളമിടീലും കാലംതെറ്റി. പാടത്ത് കൃഷിയിറക്കിയവർക്കാണ് കൂടുതൽ ഗുണം ലഭിച്ചത്. ഇവർക്ക് കൃത്യസമയത്ത് തന്നെ വിളവ് പാകമായി കുലവെട്ടാൻ കഴിയും. നാടൻകുലകൾ പ്രിയമായി വാങ്ങുന്നവർക്ക് ആവശ്യാനുസരണം ഏത്തക്കുലകൾ വിപണിയിൽ നൽകാൻ കഴിയുമെന്ന് കർഷകർ പറയുന്നു.









0 comments