കൂടൽ കൊലപാതകം : പ്രതി അനി റിമാൻഡിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 13, 2025, 12:05 AM | 1 min read

കൊടുമൺ

കൂടലിൽ മദ്യപാനത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റ്‌ 40കാരൻ മരിച്ച സംഭവത്തിൽ അയൽവാസി ആറ്റഴിക്കോട് പടിഞ്ഞാറ്റേതിൽ അനി (45) റിമാൻഡിൽ. കൂടൽ പുന്നമൂട് പയറ്റുകാല വീട്ടിൽ രാജൻ (40) ഞായറാഴ്ചയാണ്‌ കുത്തേറ്റ് മരിച്ചത്‌. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ തിങ്കൾ വൈകിട്ടോടെ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്‌ധർ, ശാസ്ത്രീയ അന്വേഷണസംഘം തുടങ്ങിയവർ പരിശോധന നടത്തി തെളിവുശേഖരിച്ചു. ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഭാര്യയുമായി പിണങ്ങിക്കഴിയുന്ന അനി കുറച്ചുനാൾ മുമ്പ് ഒരു സ്ത്രീയ്‌ക്കൊപ്പം താമസമാക്കിയിരുന്നു. രാജന് ഈ സ്ത്രീയുമായി അടുപ്പമുണ്ടെന്ന സംശയത്താലാണ്‌ കൊലപാതകം. ഇ‍ൗ കാരണത്താൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതോടെ യുവതി അനിയെ വിട്ടുപോയതും വിരോധത്തിന്‌ കാരണമായെന്ന്‌ പൊലീസ്‌ പറയുന്നു.

സ്ഥിരം മദ്യപാനിയായ ഇയാൾക്ക് കൂലിപ്പണിയാണ്. അമ്മിണിയുടെ മൂത്ത സഹോദരൻ കുട്ടിയുടെ മകനായ രാജൻ മൂന്നുവർഷമായി ഇവർക്കൊപ്പമാണ് താമസം. കുട്ടിയും ഭാര്യയും വർഷങ്ങൾക്കുമുമ്പ് മരിച്ചുപോയതാണ്. അയൽവീട്ടിൽ കൂട്ടുകിടക്കാൻ പോയ അമ്മിണി തിങ്കൾ രാവിലെ തിരിച്ചെത്തിയപ്പോഴാണ്‌ രാജനെ മരിച്ച നിലയിൽ കണ്ടത്‌. ഞായർ രാത്രി ഒരുമിച്ചിരുന്ന്‌ മദ്യപിച്ചതിനിടെയായിരുന്നു കൊലപാതകം. മൂർച്ചയുള്ള ആയുധം കൊണ്ട് നെഞ്ചിന്‌ താഴെ കുത്തുകയായിരുന്നു. എന്നാൽ മദ്യലഹരിയിൽ രാജൻ വീട്ടിൽ പോയി കിടന്നു. രക്തം വാർന്ന്‌ മരിച്ചു. കോന്നി ഡിവൈഎസ്പി എസ് അജയ്നാഥിന്റെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ്‌ പ്രതിക്കായി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇൻസ്പെക്‌ടർ സി എൽ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ചിത്രം: പ്രതി അനി

Highlights: കുത്താനുപയോഗിച്ച സ്ക്രൂ ഡ്രൈവർ കണ്ടെടുത്തു





deshabhimani section

Related News

View More
0 comments
Sort by

Home