മൃഗസംരക്ഷണ വകുപ്പ് മൊബൈൽ സർജറി യൂണിറ്റ് തുടങ്ങി

പത്തനംതിട്ട മൃഗസംരക്ഷണ മേഖലയിൽ കർഷകർക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ സർജറി യൂണിറ്റ് ജില്ലയിൽ പ്രവർത്തനം തുടങ്ങി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനം. ജില്ലയിലെ ആറ് ആങ്കറിങ് സ്റ്റേഷനുകളായ പത്തനംതിട്ട, പുല്ലാട്, റാന്നി, തിരുവല്ല, കോന്നി എന്നിവിടങ്ങളിൽ ഉടൻ പ്രവർത്തനമാരംഭിക്കും. അടൂരിൽ ചൊവ്വാഴ്ച ആരംഭിക്കും. ആട്, നായ, പൂച്ച മുതലായവയ്ക്ക് മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ അതത് ആങ്കറിങ് സ്റ്റേഷനുകളിൽ നടത്തും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയ വേണ്ടിവരുന്ന മൃഗങ്ങളുടെ ഉടമകൾ അതത് ആങ്കറിങ് സ്റ്റേഷനുകളിലെ സീനിയർ വെറ്ററിനറി സർജൻ/ വെറ്ററിനറി സർജനുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്താം. സിസേറിയൻ, ലാപ്രോടോമി, ട്യൂമർ നീക്കം, ഹെർണിയ, ഗർഭാശയം നീക്കം ചെയ്യൽ, കാസ്ട്രേഷൻ, ആംപ്യൂട്ടേഷൻ സർജറികൾ നടത്തും. ഓരോ ശസ്ത്രക്രിയയ്ക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് ക്യുആർ കോഡ് മുഖേന ഒടുക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ് സന്തോഷ് അറിയിച്ചു.









0 comments