സംസ്ഥാനത്ത് എല്ലാ ജില്ലയിലും മെഡിക്കൽ കോളേജ്: മന്ത്രി വീണാ ജോർജ്

കോഴഞ്ചേരി
വയനാട്, കാസർകോട് ജില്ലകളിൽ സർക്കാർ മെഡിക്കൽ കോളേജിന് അനുമതി ലഭിച്ചതോടെ എല്ലാ ജില്ലയിലും മെഡിക്കൽ കോളേജുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിർമാണം പൂര്‍ത്തിയാക്കിയ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂം, ഓപ്പറേഷന്‍ തിയറ്റര്‍, ഡെഡിക്കേറ്റഡ് ഐ യൂണിറ്റ്, വയോജന വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനവും ജില്ലാ ടി ബി സെന്ററിന്റെ പുതിയ കെട്ടിടം നിര്‍മാണോദ്ഘാടനവും കോഴഞ്ചേരി വണ്ടിപ്പേട്ട മൈതാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലയിലും മെഡിക്കൽ കോളേജും നഴ്സിങ് കോളേജും സാധ്യമായത് മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വലിയ നേട്ടമാണ്. സർക്കാർ ഫീസിൽ മെറിറ്റിൽ വിദ്യാർഥികൾക്ക് പഠിക്കാനാവും.
കോന്നി മെഡിക്കൽ കോളേജിൽ 300 വിദ്യാർഥികൾ എംബിബിഎസ് പഠിക്കുന്നു. നാലാംവർഷ പ്രവേശനം നടക്കുന്നു. റാന്നി, കോന്നി, തിരുവല്ല താലൂക്ക് ആശുപത്രികളും കോഴഞ്ചേരി, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികളിലുമുൾപ്പടെ ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും വികസനപാതയിലാണ്. ആറന്മുള വള്ളസദ്യ, മാരാമൺ- ചെറുകോൽപ്പുഴ കൺവൻഷൻ സമയത്ത് അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സൗകര്യങ്ങളും കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
കോഴഞ്ചേരി പാലം നിർമാണം ഉടൻ പൂർത്തിയാക്കും. കോഴഞ്ചേരി സ്കൂൾ കെട്ടിടം, റോഡ് വികസനം സാധ്യമായി. കോഴഞ്ചേരി ബൈപാസ് ഡിപിആർ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
കുട്ടികളിൽ വർധിച്ചു വരുന്ന ഇന്റർനെറ്റ് ഉപയോഗത്തേയും ആത്മഹത്യ പ്രവണതയേയും നേരിടാനായി മാനസികാരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ആത്മഹത്യ പ്രതിരോധ ക്ലിനിക്കിന്റെയും ഇമോജൻ ക്ലിനിക്കിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍, ജെ ഇന്ദിരാദേവി, എഡിഎം ബി ജ്യോതി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനപ്രഭ, സാലി ഫിലിപ്പ്, ജിജി മാത്യു, സാറാ തോമസ്, ഗീതു മുരളി, ഡോ. എൽ അനിതകുമാരി, ഡോ. എസ് ശ്രീകുമാർ, ഡോ. നിധീഷ് ഐസക് സാമുവേൽ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിർമാണം പൂര്‍ത്തിയാക്കിയ ആധുനിക സൗകര്യങ്ങൾ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു









0 comments