വിമതശല്യം

പുകച്ച് വിമതർ; പകച്ച് യുഡിഎഫ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 23, 2025, 12:05 AM | 1 min read

പത്തനംതിട്ട

പത്രിക പിൻവലിക്കാൻ രണ്ടുദിവസം മാത്രം ശേഷിക്കേ വിമതശല്യത്തിൽ പതറി കോൺഗ്രസ്‌. യുഡിഎഫ്‌ ഘടകകക്ഷികൾക്ക്‌ നൽകിയ സീറ്റുകളിലും വിമതർ ഏറെയാണ്‌. ജില്ലാ പഞ്ചായത്ത്‌ കൊടുമൺ ഡിവിഷനിൽ കോൺഗ്രസ്‌ നേതൃത്വത്തെ വെല്ലുവിളിച്ച്‌ മത്സരിക്കുന്ന ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ തട്ടയിൽ ഹരികുമാറിനെ അനുനയിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയംഗം പി ജെ കുര്യനെ ഉപയോഗിച്ച്‌ നടത്തിയ നീക്കവും പരാജയപ്പെട്ടു. എഐസിസിക്ക്‌ അടക്കം പരാതി നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ്‌ ഇദ്ദേഹം വിമതനായത്‌.

പത്തനംതിട്ട നഗരസഭയിൽ എംഎസ്‌എഫ്‌ ജില്ലാ സെക്രട്ടറിയും അമ്മയും രണ്ടു വാർഡുകളിൽ വിമതനായത്‌ യുഡിഎഫിന്‌ പ്രതിസന്ധി തീർത്തു. യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയും കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റും ഉൾപ്പെടെ മൂന്ന്‌ വിമതരാണ്‌ നഗരസഭയിലെ 16–ാം വാർഡിൽ പത്രിക നൽകിയത്‌. നഗരസഭയിൽ മുസ്ലിം ലീഗിന്‌ മൂന്ന്‌ സീറ്റുണ്ട്‌. ഇതിന്‌ പുറമെ എംഎസ്‌എഫ്‌ ജില്ലാ സെക്രട്ടറി ത‍ൗഫീക്ക്‌ മൂന്നാം വാർഡിലും അമ്മ മുൻ ക‍ൗൺസിലർ റഷീദ ബീവി നാലാം വാർഡിലും പത്രിക നൽകിയിട്ടുണ്ട്‌. ഇവർക്ക്‌ ലീഗുമായി ബന്ധമില്ലെന്നാണ്‌ നേതാക്കളുടെ വാദം.

ഏഴംകുളം പഞ്ചായത്ത്‌ നാലാം വാർഡിൽ കോൺഗ്രസും ലീഗും പരസ്‌പരം മത്സരിക്കുന്നു. കോൺഗ്രസിന്റെ സിറ്റിങ്‌ സീറ്റ്‌ ഇത്തവണ ലീഗിന്‌ കൈമാറുകയായിരുന്നു. നിലവിലെ കോൺഗ്രസ് പഞ്ചായത്തംഗം കെ സദാനന്ദൻ ഇതോടെ വിമതനായി. പട്ടികജാതി സംവരണ വാർഡ്‌ ഇപ്പോൾ ജനറലാണ്‌. സദാനന്ദനെ ഒഴിവാക്കുന്നതിനായാണ്‌ സീറ്റ്‌ ലീഗിന്‌ കൈമാറിയതെന്നാണ്‌ ആക്ഷേപം.

ജില്ലയിൽ രണ്ടിടത്ത്‌ യുഡിഎഫ്‌, ബിജെപി സ്ഥാനാർഥികളുടെ പത്രിക സൂക്ഷ്‌മ പരിശോധനയിൽ തള്ളി. കവിയൂർ പഞ്ചായത്ത്‌ 12–ാം വാർഡിൽ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം സ്ഥാനാർഥിയുടെ പത്രിക സമർപ്പണം കോൺഗ്രസ്‌ അട്ടിമറിച്ചതോടെ അവർക്ക്‌ ഇവിടെ സ്ഥാനാർഥിയില്ലാത്ത അവസ്ഥയാണ്‌. ഏഴംകുളം പഞ്ചായത്തിൽ കോൺഗ്രസിന്റെയും പത്തനംതിട്ട നഗരസഭയിൽ ബിജെപിയുടെയും സ്ഥാനാർഥികളുടെ പത്രികയാണ്‌ തള്ളിയത്‌.

Highlights: ജില്ലയിൽ രണ്ടിടത്ത്‌ യുഡിഎഫ്‌, ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളി




deshabhimani section

Related News

View More
0 comments
Sort by

Home