ഒരേദിവസം വിട പറഞ്ഞ് കൊച്ചയ്യപ്പനും മണികണ്ഠനും
കോന്നിയിൽ ഇനി നാലാനകൾ

കോന്നി ആനക്കൂട്ടിൽ ചരിഞ്ഞ കൊച്ചയ്യപ്പന്റെ ജഡത്തിനരികിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ
കോന്നി വിനോദസഞ്ചാരികളുടെ മനം കവർന്ന കൊച്ചയ്യപ്പനും യാത്രയായതോടെ കോന്നി ആനത്താവളത്തിലെ ആനകളുടെ എണ്ണം നാലായി ചുരുങ്ങി. കുട്ടികൾക്കുൾപ്പെടെ പ്രിയങ്കരനായിരുന്നു കൊച്ചയ്യപ്പൻ. കുഞ്ഞിനേപ്പോലെ ഓമനിച്ചുവളർത്തിയ ജീവനക്കാർക്കെല്ലാം അവന്റെ വിയോഗം തീരാനോവായി. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, ഡിഎഫ്ഒ ആയുഷ് കുമാർ കോറി എന്നിവർ നടപടികൾക്ക് ആനത്താവളത്തിലെത്തി നിർദേശങ്ങൾ നൽകി. കുട്ടിക്കൊമ്പൻ കൃഷ്ണ, പിടിയാനകളായ പ്രിയദർശിനി, ഈവ, മീനു എന്നിവരാണ് ഇനിയുള്ളത്. തലയെടുപ്പിന്റെ പ്രതീകമായിരുന്ന കോടനാട് നീലകണ്ഠൻ എന്ന ആന ചരിഞ്ഞതിലെ സംശയങ്ങൾ നിലനിൽക്കെയാണ് കൊച്ചയ്യപ്പനും ചരിയുന്നത്. എരണ്ടക്കെട്ടാണ് നീലകണ്ഠന്റെ ജീവനെടുത്തതെന്നാണ് ആനത്താവളം അധികൃതർ പറയുന്നത്. താപ്പാന മണിയൻ, കുട്ടിയാനകളായ പിഞ്ചു, മണികണ്ഠൻ എന്നിവരും 2020-–-21 വർഷങ്ങളിൽ ചരിഞ്ഞു. 75 വയസുണ്ടായിരുന്ന മണിയന് എരണ്ടക്കെട്ടും നാലുവയസുകാരൻ പിഞ്ചുവിന് ഹെർപ്പിസ് രോഗവും ആറുമാസം പ്രായമുണ്ടായിരുന്ന മണികണ്ഠന് ഉദരസംബന്ധമായ അസുഖവുമായിരുന്നെന്നാണ് അധികൃതർ അറിയിച്ചത്. കേരളത്തിലെ പ്രധാന ആനവളർത്തൽ കേന്ദ്രമാണെങ്കിലും കോന്നിയിൽ വിദഗ്ധ ഡോക്ടർമാരില്ലാത്തത് പ്രധാന പ്രതിസന്ധിയാണ്.









0 comments