നാലുവർഷം പിടികൂടിയത്‌ 28 രാജവെമ്പാലകളെ

King cobras caught

ആനകുത്തി പെരിഞ്ഞൊട്ടയ്ക്കൽ അയ്യന്തിയിൽ തോമസ് എബ്രഹാമിന്റെ വീടിനുള്ളിലെ മേശയുടെ 
കാലിൽ ചുറ്റിയ നിലയിൽ കണ്ട 
രാജവെമ്പാല (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Jul 14, 2025, 12:35 AM | 1 min read

സ്വന്തം ലേഖിക

പത്തനംതിട്ട

ജില്ലയിലെ മനുഷ്യവാസ മേഖലകളിൽനിന്ന്‌ നാലുവർഷത്തിനിടെ വനംവകുപ്പ്‌ പിടികൂടി കാട്ടിൽ വിട്ടത്‌ 28 രാജവെമ്പാലകളെ. ഇതിൽ വീടുകൾക്കുള്ളിൽനിന്ന്‌ പിടികൂടിയവയും ഉൾപ്പെടും. വീടുകൾക്ക്‌ സമീപത്തെ തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽനിന്നാണ്‌ കൂടുതലും രാജവെമ്പാലകൾ പിടിയിലായത്‌. വനംവകുപ്പിന്റെ "സർപ്പ' ആപ്പിലൂടെയും നേരിട്ടും പൊതുജനങ്ങൾക്ക്‌ പാമ്പുകളെ സംബന്ധിച്ച വിവരം അറിയിക്കാം. 2022 മുതൽ 2025 ജൂലൈ മൂന്നുവരെ ജില്ലയിൽ 28 രാജവെമ്പാലകളെ പിടികൂടി വനമേഖലയിലേക്ക്‌ തിരികെ വിട്ടുവെന്നാണ്‌ കണക്ക്‌. 2024ൽ 10 എണ്ണത്തെയാണ്‌ പിടികൂടിയത്‌. 2021 മുതൽ 2025 വരെ സംസ്ഥാനത്താകെ ഇത്തരം 494 കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. ജനവാസ മേഖലകളിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാൻ 2020ൽ വനംവകുപ്പ് ആവിഷ്കരിച്ച സർപ്പ മൊബൈൽ ആപ്ലിക്കേഷൻ കൂടുതൽ പേരിലേക്കെത്തിയതോടെ പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിലൊന്നായി കുറയ്‌ക്കാൻ സംസ്ഥാനസർക്കാരിന്‌ സാധിച്ചിട്ടുണ്ട്. പാമ്പുകളെ പിടികൂടാൻ ലൈസൻസുള്ള 3,000ത്തോളം വളന്റിയർമാർ സർപ്പയ്‌ക്കുകീഴിലുണ്ട്‌. വലിപ്പത്തിലും 
വിഷത്തിലും മുന്നിൽ 18 അടിവരെ വലിപ്പം വയ്ക്കുന്ന പാമ്പിനമാണ്‌ രാജവെമ്പാല അഥവാ കിങ്‌ കോബ്ര. കടിയേറ്റാൽ ആനയ്ക്ക്‌ പോലും മരണം സംഭവിക്കാം. മുട്ടയിടാൻ വേണ്ടി കൂട്‌ നിർമിക്കുന്ന ഒരേയൊരു പാമ്പാണിത്‌. കുളിക്കടവിലും 
വീട്ടിനുള്ളിലും ജനുവരിയിൽ ചിറ്റാർ ഉറുമ്പിനിയിൽ കക്കാട്ടാറിന്റെ തീരത്തുനിന്നും രാജവെമ്പാലയെ വനപാലക സംഘം പിടികൂടിയിരുന്നു. ഉറുമ്പിനിക്ക് സമീപം കക്കാട്ടാറിലെ കുളിക്കടവിൽ ഇതിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ നാട്ടുകാർ വനപാലകരെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ കോന്നി പോത്തുപാറയിലെ കേജീസ് കട്ട കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലെ അടുക്കളയിൽനിന്നും രാജവെമ്പാലയെ പിടികൂടി. നവംബറിൽ കോന്നി ആനകുത്തി പെരിഞ്ഞൊട്ടയ്ക്കൽ അയ്യന്തിയിൽ തോമസ് എബ്രഹാമിന്റെ വീടിനുള്ളിലെ മേശയുടെ കാലിൽ ചുറ്റിയ നിലയിൽ രാജവെമ്പാലയെ കണ്ടു. സ്‌ട്രൈക്കിങ്‌ ഫോഴ്‌സ്‌ എത്തി പിടികൂടി വനത്തിൽ വിടുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home