നിർമാണം ആരംഭിച്ചു
ചിറ്റാറിൽ ജില്ലാ ആശുപത്രി ഉയരുന്നു

ചിറ്റാറിൽ ജില്ലാ സ്പെഷ്യലൈസ് ആശുപത്രിയുടെ പണി ആരംഭിച്ചപ്പോൾ
ചിറ്റാർ
ആരോഗ്യ മേഖലയിൽ കരുത്തേകാൻ ചിറ്റാറിൽ നിർമിക്കുന്ന ജില്ലാ ആശുപത്രിയുടെ അടിത്തറ നിർമാണത്തിന്റെ ജോലികൾ വാലേൽപടിയിൽ ആരംഭിച്ചു. അഡ്വ. കെ യു ജനീഷ്കുമാർ എംഎൽഎയുടെ ശ്രമഫലമായി രണ്ട് ഏക്കർ സ്ഥലത്ത് അഞ്ച് നിലകളിൽ 73,000 ചതുരശ്ര അടിയിൽ 32 കോടി രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ആശുപത്രി സമുച്ചയത്തിന്റെ പ്രാരംഭ പണികൾക്കാണ് തുടക്കം കുറിച്ചത്. അടിത്തറയിൽ കമ്പി പാകി കോൺക്രീറ്റിങ് നടത്തി ബലപ്പെടുത്തുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. ഇതിനായി ഞായറാഴ്ചയും തൊഴിലാളികൾ ജോലിയിൽ മുഴുകി. അടിത്തറയിലെ മണ്ണ് നീക്കം ചെയ്യുന്ന പണികൾ പൂർത്തിയായി. ഇനി പ്രത്യേക രീതിയിൽ കെട്ടി ബലപ്പെടുത്തിയ കമ്പികൾ പാകി കോൺക്രീറ്റിങ് നടത്തും. മനുഷ്യവാസം ആരംഭിച്ച കാലം മുതൽ നിരവധി തലമുറകൾ സ്വപ്നം കണ്ട പദ്ധതിയാണ് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയിലൂടെ ചിറ്റാറിന് സ്വന്തമായത്. ചിറ്റാറിന്റെ വികസന ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന നാഴികക്കല്ലായ അമ്മയും കുഞ്ഞും ജില്ലാ സ്പെഷ്യലൈസ് ആശുപത്രിയുടെ നിർമാണോദ്ഘാടനം മെയ് ഒമ്പതിന് ധനമന്ത്രി കെ എൻ ബാലഗോപാലാണ് നിർവഹിച്ചത്. ആദ്യ ഘട്ടമായി ഏഴ് കോടിയുടെ നിർമാണ പ്രവർത്തനമാണ്ആരംഭിച്ചത്. ചിറ്റാർ വാലേൽപടിയിൽ ഗതാഗത സൗകര്യവും ആവശ്യത്തിന് ജലലഭ്യതയും ഉറപ്പുള്ള പ്രദേശമാണ് ആശുപത്രിക്കായി തെരഞ്ഞെടുത്തത്. നിർമാണം പൂർത്തിയാകുന്നതോടെ വെച്ചുച്ചിറ, നാറാണംമൂഴി, പെരുനാട്, വടശേരിക്കര, സീതത്തോട്, തണ്ണിത്തോട്, ചിറ്റാർ പഞ്ചായത്തുകളിലെയും ഗവി മേഖലയിലേയും ജനങ്ങൾക്ക് വേഗത്തിൽ ചികിൽസ തേടിയെത്താവുന്നയിടമായി ജില്ലാ സ്പെഷ്യലൈസ് ആശുപത്രി മാറും. കൂടാതെ ശബരിമല തീർഥാടകർക്കും ഗുണം ലഭിക്കും.









0 comments