ഹോട്ടൽ ഉടമയുടെ മരണം
നീതിപൂർവമായ അന്വേഷണം ഉറപ്പാക്കും: വീണാ ജോർജ്

ഹോട്ടലിൽ ജീവനൊടുക്കിയ ബിജുവിന്റെ വീട്ടിലെത്തിയ മന്ത്രി വീണാ ജോർജ് ഭാര്യ ഷെെജയെ ആശ്വസിപ്പിക്കുന്നു
കോഴഞ്ചേരി
ഹോട്ടലുടമ ജീവനൊടുക്കിയ സംഭവത്തിൽ നീതിപൂർവമായ അന്വേഷണം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. കോട്ടയ്‌ക്കകം ജങ്ഷനിലെ ഹോട്ടലിൽ തൂങ്ങിമരിച്ച ബിജുവിന്റെ വീട്ടിലെത്തിയതായിരുന്നു മന്ത്രി. സർക്കാർ ഈ കുടുംബത്തോടൊപ്പമുണ്ട്–- അവർ പറഞ്ഞു. ബിജുവിന്റെ ഭാര്യ ഷൈജയെയും ഇളയമകൾ ഐശ്വര്യയെയും മന്ത്രി ആശ്വസിപ്പിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ്‌മോൻ, സിപിഐ എം ആറന്മുള ലോക്കൽ സെക്രട്ടറി പി കെ സുബീഷ്‌കുമാർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായി. ശനി രാവിലെ ഏഴരയോടെയാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റിൽനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ഉത്തരവാദികൾ ആറന്മുള പഞ്ചായത്ത് അഞ്ചാം വാർഡംഗവും ഭർത്താവുമാണെന്ന് പറഞ്ഞിരുന്നു. 12 വർഷമായി ബിജു ഇവിടെ ഹോട്ടൽ നടത്താൻ തുടങ്ങിയിട്ട്. അതിൽ ഒമ്പതുവർഷവും ആരോപണവിധേയയായ പഞ്ചായത്തംഗത്തിന്റെ കെട്ടിടത്തിലായിരുന്നു ഹോട്ടൽ. ബിജുവിന്റെ മൃതദേഹം തിങ്കൾ രാവിലെ എട്ടിന് ഇടയാറന്മുളയിലെ വാടകവീട്ടിൽ കൊണ്ടുവരും. സംസ്‌കാരം വൈകിട്ട് നാലിന് ബിജുവിന്റെ സ്വദേശമായ പുനലൂർ ഇടമണ്ണിൽ.









0 comments