ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്ക്
അറ്റകുറ്റപ്പണി വേഗത്തിൽ

പത്തനംതിട്ട ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്കിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ
Published on Sep 14, 2025, 12:05 AM | 1 min read
പത്തനംതിട്ട
ജനറൽ ആശുപത്രിയിലെ ബി ആൻ സി ബ്ലോക്കിന്റെ ചില ഭാഗത്ത് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്നാരംഭിച്ച അറ്റകുറ്റപ്പണി ദ്രുതഗതിയിൽ. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി ഇൗ കെട്ടിടത്തിൽ പ്രവർത്തിച്ച വിവിധ വിഭാഗങ്ങൾ പഴയതോതിൽ പ്രവർത്തന സജ്ജമാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. നിർമാണത്തെ തുടർന്ന് ചില വിഭാഗങ്ങളുടെ പ്രവർത്തനം കോന്നി മെഡിക്കൽ കോളേജിലേക്ക് താൽക്കാലികമായി മാറ്റിയിരുന്നു.
19 വർഷംമുമ്പ് നിർമിച്ച ബി ആൻഡ് സി ബ്ലോക്ക് കെട്ടിടത്തിന്റെ ചില ഭാഗങ്ങളിലെ കോൺക്രീറ്റ് തൂണുകളിൽ കമ്പികൾ ദ്രവിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിദഗ്‌ധസമിതി നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് ബലക്ഷയ സാധ്യതയുണ്ടെന്നും അതിനാൽ അടിയന്തരമായി അറ്റകുറ്റപ്പണിയും നിർദേശിച്ചു. തുടർന്നാണ് മന്ത്രി വീണാ ജോർജ് ഇടപെട്ട് ഇതിന് പ്രത്യേക ഫണ്ടനുവദിച്ച് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് നീക്കമാരംഭിച്ചത്. അറ്റകുറ്റപ്പണി മൂലം രോഗികൾക്ക് അസൗകര്യമുണ്ടാകാതിരിക്കാൻ ചില വിഭാഗങ്ങളുടെ പ്രവർത്തനം താൽക്കാലികമായി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജനറൽ സർജറി, അസ്ഥിരോഗം, ഇഎൻടി, ഗൈനക്കോളജി, അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളാണ് മാറ്റിയത്. കാത്ത് ലാബും ഒപിയും ഉൾപ്പെടെ മറ്റ് വിഭാഗങ്ങൾ ജനറൽ ആശുപത്രിയിൽ തുടരുകയാണ്.
നിർമാണം തുടങ്ങിയതുമുതൽ അതിവേഗമാണ് നീങ്ങുന്നത്. താഴത്തെ നിലയിൽ ശുചിമുറി ഭാഗത്തോടുചേർന്ന് അപാകത കണ്ടെത്തിയ പത്തോളം തൂണുകൾ സാങ്കേതിക മികവോടെ പുതുക്കി നിർമിച്ചു. മറ്റ് അനുബന്ധ നിർമാണങ്ങളും നടക്കുകയാണ്. മൂന്ന്, നാല് നിലകളിലെ പ്രവൃത്തികളും അതിവേഗം നടക്കുകയാണ്. കാത്ത് ലാബിന്റെയും മെഡിക്കൽ ഐസിയുവിന്റെയും വാർഡുകളിലെയും പ്രവർത്തനത്തെ ബാധിക്കാതെയാണ് നിർമാണപുരോഗതി. അടിയന്തര സാഹചര്യത്തിൽ രോഗികളെ കോന്നി മെഡിക്കൽ കോളേജിലെത്തിക്കാൻ ആംബുലൻസ് സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.









0 comments