ക്രിട്ടിക്കൽ കെയർ ബ്ലോക്കും ഒപി ബ്ലോക്കും നിർമാണ പുരോഗതിയിൽ
പത്തനംതിട്ടയിൽ 46 കോടിയുടെ വികസനം

പത്തനംതിട്ട
ശബരിമലയുടെ ബേസ് ക്യാന്പായ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടക്കുന്നത് 46 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. വിവിധ സജ്ജീകരണങ്ങളോടെ നാല് നിലകളിലായുള്ള രണ്ട് കെട്ടിടങ്ങളാണ് ഉയരുന്നത്. ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, ഒപി ബ്ലോക്ക് എന്നീ രണ്ട് ബ്ലോക്കിലായി 87,200 ചതുരശ്രയടി വിസ്‌തീർണത്തിലുള്ള കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഇവ പൂർത്തിയാകുന്നതോടെ വിപുലമായ സൗകര്യങ്ങൾ ലഭ്യമാകുന്ന ആശുപത്രിയാകും.
കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം പൊളിച്ചുനീക്കിയ ഭാഗത്താണ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് ഉയരുന്നത്. 23.75 കോടി രൂപയാണ് ചെലവ്. വെള്ളക്കെട്ട് മൂലം ഇതിന്റെ ഉള്ളറനില പൂർത്തിയാക്കാൻ താമസം നേരിട്ടു. 10,000 ചതുരശ്രയടി വിസ്‌തീർണത്തിലുള്ള പാർക്കിങ് ഉൾപ്പെടെയുണ്ട് ഉള്ളറനിലയിൽ. താഴത്തെ നിലയിൽ ആധുനിക ട്രോമാകെയർ സൗകര്യങ്ങളോടുകൂടിയ അത്യാഹിത വിഭാഗം, ഐസൊലേഷൻ വാർഡ്, മൈനർ ഓപ്പറേഷൻ തിയറ്റർ, പ്ലാസ്റ്റർ റൂം, ഡോക്‌ടേഴ്‌സ് റൂം, നേഴ്‌സസ് റൂം, ഫാർമസി എന്നിവയുണ്ടാകും. ഒന്നാം നിലയിൽ ഐസിയു, എച്ച്ഡിയു, ഡയാലിസിസ് യൂണിറ്റ്, ആർഎംഒ ഓഫീസ്, സ്‌റ്റാഫ് റൂം എന്നിവയും മുകളിലത്തെ നിലകളിൽ ഐസൊലേഷൻ റൂം, ഐസൊലേഷൻ വാർഡ്, എമർജൻസി പ്രൊസീജിയർ റൂം, ഡോക്‌ടേഴ്‌സ് റൂം, രോഗികൾക്കും ജീവനക്കാർക്കും വേണ്ടിയുള്ള ഡൈനിങ് റൂം എന്നിവയുമുണ്ടാകും. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയുടെ കോൺക്രീറ്റിങ് ആകാറായി.
തൊട്ടടുത്ത് നിർമിക്കുന്ന ഒപി ബ്ലോക്കിന്റെ നാലാമത്തെ നിർമാണം തുടങ്ങി. 22.16 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നത്. 31,200 ചതുരശ്രയടി വിസ്‌തീർണമുള്ള കെട്ടിടത്തിൽ 20 ഒപി മുറികൾ, മൈനർ ഓപ്പറേഷൻ തിയറ്റർ, വാർഡുകൾ, ഒബ്‌സർവേഷൻ മുറികൾ, ഫാർമസി, റിസപ്ഷൻ, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും. രണ്ട് ബ്ലോക്കുകളും പൂർത്തിയാകുന്പോൾ ആതുരസേവന രംഗത്ത് പുതിയ കുതിപ്പാകും ജില്ലാ കേന്ദ്രത്തിന്.








0 comments