ജലപരിശോധന വിപുലമാക്കാൻ ഹരിതകേരളം മിഷൻ

36 സ്കൂളുകളിൽ കൂടി ലാബ്‌ സ്ഥാപിക്കും

Lab
വെബ് ഡെസ്ക്

Published on Aug 27, 2025, 12:05 AM | 1 min read

പത്തനംതിട്ട
ഹരിതകേരളം മിഷൻ സംസ്ഥാന വ്യാപകമായി ജലസംരക്ഷണം, മാലിന്യനിർമാർജനം എന്നീ മേഖലകളിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പുതിയ ചുവടുവയ്പായി കൂടുതൽ ജലപരിശോധന ലാബുകൾ സ്ഥാപിക്കുന്നു. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ ലാബുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഹയർസെക്കൻഡറി/ഹൈസ്കൂളുകളിലെ കെമിസ്ട്രി ലാബിനോടനുബന്ധിച്ചാണ് ഹരിതകേരളം മിഷന്റെ ജലഗുണ പരിശോധനാ ലാബുകൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടമായി ജില്ലയിലെ 21 സ്‌കൂളുകളിൽ ലാബുകൾ സ്ഥാപിക്കുകയും ജലഗുണ പരിശോധനകൾ ആരംഭിക്കുകയും ചെയ്‌തു.
36 സ്‌കൂളുകളിൽ കൂടി ലാബ്‌ സ്ഥാപിക്കാനുള്ള നടപടി പൂർത്തിയായി. ഓണാവധിക്ക്‌ ശേഷം സ്‌കൂളുകളിൽ ലാബിന്റെ പ്രവർത്തനം തുടങ്ങാനാണ്‌ ശ്രമം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്‌കൂളുകളിലെ എൻഎസ്എസ്, എൻസിസി, സ്‌ക‍ൗട്സ് ആൻഡ്‌ ഗൈഡ്സ് തുടങ്ങിയവയുടെ സഹകരണത്തോടെ സ്കൂളുകളിലെ കെമിസ്ട്രി അധ്യാപകരുടെ നേതൃത്വത്തിലാണ് ലാബുകളിൽ പരിശോധന നടക്കുന്നത്. ക്യാമ്പുകൾ നടത്തിയും തദ്ദേശസ്ഥാപനങ്ങൾ വഴിയുമാണ്‌ സാമ്പിളുകൾ ശേഖരിക്കുക. ജനങ്ങൾക്ക്‌ സ്‌കൂളുകളിൽ നേരിട്ട്‌ ജലം പരിശോധനയ്‌ക്ക്‌ നൽകാനാവില്ല.
റീബിൽഡ്‌ കേരളയിൽ നിന്നുള്ള ഫണ്ടുപയോഗിച്ച്‌ ഹരിതകേരളം മിഷനാണ്‌ സ്‌കൂളുകളിൽ ലാബ്‌ സ‍ൗകര്യം ഒരുക്കി നൽകുന്നത്‌. 500 സാമ്പിളുകൾ പരിശോധിക്കാനുള്ള രാസവസ്‌തുക്കളും അനുബന്ധ ഉപകരണങ്ങളും ഹരിതകേരളം മിഷൻ സ്‌കൂളുകളിൽ നൽകിയിട്ടുണ്ട്‌. കൂടുതലായി വരുന്ന തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തും. ജലജന്യരോഗങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനത്താകെ നടക്കുന്ന "ജലമാണ് ജീവൻ' ക്യാമ്പയിനിലും സ്‌കൂൾ ലാബുകൾ കേന്ദ്രീകരിച്ചുള്ള ജലപരിശോധന ഒരു പ്രധാനഘടകമായി ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്‌തംബർ പകുതിയോടെ വിപുലമായ ജലപരിശോധനകൾ സ്കൂൾ ജലലാബുകൾ കേന്ദ്രീകരിച്ച് നടത്താനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home