രണ്ടാംഘട്ടം ഉടൻ പൂർത്തിയാകും

അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ കോന്നി ഗവ. മെഡിക്കല്‍ കോളേജ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു
കോന്നി അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎയും കലക്‌ടർ എസ് പ്രേം കൃഷ്‌ണനും കോന്നി ഗവ. മെഡിക്കല്‍ കോളേജ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. അനുദിനം തിരക്കേറി വരുന്ന മെഡിക്കൽ കോളേജിൽ രോഗികൾക്ക് സുഗമമായി ചികിത്സ ലഭിക്കാനുള്ള കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഒപി കൗണ്ടറിലെ തിരക്ക് നിയന്ത്രിക്കാൻ ഇ ഹെൽത്ത് മുഖേന ടോക്കൺ സംവിധാനം ആരംഭിക്കാനും രോഗികൾക്ക് വിശ്രമിക്കാൻ ഇവിടെ കൂടുതൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കാനും എംഎൽഎ നിർദേശം നൽകി. കോന്നി മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പുരോഗതി ആശുപത്രി വികസന സമിതി യോഗത്തില്‍ എംഎല്‍എയും കലക്ടറും വിലയിരുത്തി. കിഫ്ബിയിൽനിന്ന് 352 കോടി രൂപ ചെലവഴിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. 20 കിടക്കകളുള്ള ഐസിയു, ഏഴ് വെൻറ്റിലേറ്റർ ബെഡുകൾ എന്നിവയുടെ നിർമാണവും ലക്ഷ്യ നിലവാരത്തിൽ മൂന്നുകോടി രൂപ ചെലവഴിച്ച് ഗൈനക്കോളജി വിഭാഗവും പൂർത്തിയായി. ഇവിടെ രണ്ട് ഓപ്പറേഷൻ തീയറ്റർ, ലേബർ റൂമുകൾ, ലേബർ വാർഡുകൾ എന്നിവ പൂർത്തിയായി. എച്ച്എൽഎൽ നേതൃത്വത്തിൽ അത്യാധുനിക ഫാർമസിയും പൂർത്തിയായി. അവശ്യമരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ഇവിടെനിന്ന് ലഭ്യമാകും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും മെഡിസെപ്പും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നാല് പാർപ്പിട സമുച്ചയങ്ങളിൽ 11 നില വീതമുള്ള രണ്ട് പാർപ്പിട സമുച്ചയങ്ങൾ, അക്കാദമിക്ക് ബ്ലോക്കിന്റെ രണ്ടാംഘട്ടവും പൂർത്തിയായി. ടൈപ്പ് എ, ടൈപ്പ് സി പാര്‍പ്പിട സമുച്ചയ നിര്‍മാണവും പുരോഗമിക്കുന്നു. 200 കിടക്കകളും അഞ്ച് വിഭാഗങ്ങളും ചേര്‍ന്ന ഏഴുനില ആശുപത്രി കെട്ടിടവും 800 സീറ്റുള്ള ഓഡിറ്റോറിയവും അവസാന ഘട്ടത്തിലാണ്. ഒക്‌ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാകും. മെഡിക്കൽ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ എസ് നിഷ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ ഷാജി, വികസന സമിതിയംഗം സന്തോഷ് കുമാര്‍, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ബിജി എന്നിവര്‍ പങ്കെടുത്തു.









0 comments