നിർമാണത്തിലുള്ള കെട്ടിടത്തിൽ നാശനഷ്ടം വരുത്തിയ സംഘം പിടിയിൽ

പത്തനംതിട്ട
വലഞ്ചുഴി കാവ് ജങ്‌ഷനിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ഇലക്‌ട്രിക്, പ്ലംബിങ് ഉപകരണങ്ങൾ നശിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്ത സംഘത്തിലെ കൗമാരക്കാരുൾപ്പെടെ ആറുപേരെ പത്തനംതിട്ട പൊലീസ് പിടികൂടി. വലഞ്ചുഴി കിഴക്കേടത്ത് ലക്ഷംവീട്ടിൽ അനു (20), ആദിത്യൻ (20), വലഞ്ചുഴി കാരുവേലിൽ സൂര്യദേവ് (18), മറ്റു മൂന്ന് പ്രായപൂർത്തിയാകാത്തവർ എന്നിങ്ങനെ ആറുപേരാണ് പിടിയിലായത്.
കുമ്പഴ പുതുപ്പറമ്പിൽ അഭിജിത്ത് ജെ പിള്ളയുടെ വലഞ്ചുഴി കാവ് ജങ്‌ഷനിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ഈമാസം ഒന്നിനും 10നുമിടെ സംഘം ആക്രമണം നടത്തിയത്. ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, മൂന്ന് എസികൾ, വാക്വം ക്ലീനർ, പ്രഷർ വാട്ടർ പമ്പ് തുടങ്ങിയവ നശിപ്പിച്ചു. ഇവയുടെ ഇലക്‌ട്രിക് വയറുകൾ വീടിനകത്ത് കൂട്ടിയിട്ട് കത്തിച്ചു. ശുചിമുറിയിലെ ഫിറ്റിങ്ങുകളും തകർത്തു. നിരവധി സാധനങ്ങൾ അടിച്ചു നശിപ്പിച്ച ശേഷം കൂട്ടിയിട്ട് കത്തിച്ച്, അതിന്റെയെല്ലാം ചെമ്പ് കമ്പികൾ എടുക്കുകയും അടുക്കള ഉപകരണങ്ങൾ, വാക്വം ക്ലീനർ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർത്ത് അവയുടെ ഇലക്‌ട്രിക് ഭാഗങ്ങൾ മോഷ്‌ടിക്കുകയും ചെയ്തു. ആകെ അഞ്ചുലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.
ഒമ്പതിന് രാവിലെ 10ന് വലഞ്ചുഴിയിലുള്ള സുഹൃത്ത് അറിയിച്ചപ്പോഴാണ് അഭിജിത്ത് വിവരം അറിയുന്നത്. 70 സെന്റ് സ്ഥലത്ത് 8,000 ചതുരശ്രയടിയിൽ നിർമിക്കുന്ന മൂന്നുനിലകെട്ടിടം 10 വർഷം മുമ്പാണ് നിർമാണം തുടങ്ങിയത്. മുൻവശത്തെ വാതിൽ തകർത്ത നിലയിലാണ്. മുറിക്കുള്ളിൽ പെയിന്റ് വാരിത്തേച്ചും ചിത്രങ്ങൾ വരച്ചും വികൃതമാക്കി. പരാതിയിൽ കേസെടുത്ത പത്തനംതിട്ട പൊലീസ്, ഫോറെൻസിക് സംഘത്തെയും ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തി തെളിവ് ശേഖരിച്ചു.
ഒന്നുമുതൽ മൂന്നുവരെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട ഡി വൈ എസ് പി എസ് ന്യൂമാന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. ഇൻസ്‌പെക്ടർ കെ സുനുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.









0 comments