കാർത്തിക്കിന്റെ "ട്രിപ്പിൾ സെഞ്ച്വറി' ജില്ലയ്‌ക്കഭിമാനം

പത്തനംതിട്ട
തലശേരി കോണോർവയൽ സ്റ്റേഡിയത്തിൽ നടന്ന കെസിഎ അണ്ടർ 23 ഇന്റർ സോൺ ക്രിക്കറ്റ് മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടി പത്തനംതിട്ടക്കാരൻ പി കാർത്തിക്.
പത്തനംതിട്ട പന്തളം കൂട്ടംവീട്ടിൽ കെ ജി പ്രദീപിന്റെയും ശ്രീകലയുടെയും മകനാണ്. ജില്ലാ താരമായിരുന്ന അച്ഛൻ പ്രദീപിന്റെ പാത പിന്തുടർന്നാണ് കാർത്തിക്കും ക്രിക്കറ്റ് തെരഞ്ഞെടുത്തത്. അച്ഛൻ തന്നെയാണ് ആദ്യ പരിശീലകനും. ഓപ്പണറായി ഇറങ്ങിയ കാർത്തിക് 304 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു. 517 പന്തുകൾ നേരിട്ടാണ് കാർത്തിക് 304 റൺസ് നേടിയത്. 41 ഫോറുകളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ട്രിപ്പിൾ സെഞ്ച്വറി നേട്ടം.
ആറാം വയസിൽ അടൂർ ഡ്യൂക്സ് ക്രിക്കറ്റ് ക്ലബിലൂടെയാണ് പരിശീലനത്തിന് തുടക്കമിട്ടത്. കഴിഞ്ഞ തവണ കേരളത്തിന്റെ അണ്ടർ 19 ടീമിന്റെ ഭാഗമാകാനുമായു. കഴിഞ്ഞ സീസണിൽ കുച്ച് ബിഹാർ ട്രോഫിയിലും വിനു മങ്കാദ് ട്രോഫിയിലും കേരളത്തിന് വേണ്ടി കാർത്തിക് കളിച്ചിരുന്നു. ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ അർധസെഞ്ച്വറിയും നേടി.









0 comments