വീട്ടമ്മയുടെ ആത്‌മഹത്യ
ബന്ധുക്കൾക്ക് ബാങ്ക് നഷ്ടപരിഹാരം നൽകണം: ഡിവൈഎഫ്ഐ

പത്തനംതിട്ട
പത്തനംതിട്ടയിൽ ഇസാഫ് ബാങ്കിന്റെ ഭീഷണിയിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യചെയ്‌ത സംഭവത്തിൽ ഉത്തരവാദികളായ ബാങ്ക് ജീവനക്കാരെ പുറത്താക്കണമെന്നും ഇവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. വായ്‌പാ കുടിശ്ശികയുമായി ബന്ധപ്പെട്ട സംഭവം പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതാണ്. ബാങ്ക് ജീവനക്കാരായ ഗുണ്ടകളാണ് ഇവരുടെ മരണത്തിന് ഉത്തരവാദികൾ. ഉത്തരവാദികളായ ജീവനക്കാരെ ബാങ്കിൽനിന്ന് പിരിച്ചുവിടണം. മരിച്ച ലീലാ നീലാംബരന്റെ ബാങ്ക് വായ്പ എഴുതി തള്ളണമെന്നും ബന്ധുക്കൾക്ക് ബാങ്ക് നഷ്ടപരിഹാരം നൽകണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഡിവൈഎഫ്ഐ ജില്ലയിലെ മുഴുവൻ ഇസാഫ് ബാങ്ക് ശാഖകൾക്ക് മുന്നിലും ശക്തമായ പ്രക്ഷോഭ സമരങ്ങൾ സംഘടിപ്പിക്കും. വായ്‌പ പിരിക്കാൻ ഈ ബാങ്കുകൾ ഉപയോഗിക്കുന്നത് ഗുണ്ടാ മാഫിയാകളെയാണ്. ബ്ലേഡ് മാഫിയാകളെ പോലെയാണ് ഇത്തരത്തിലെ ചില സ്വകാര്യ ബാങ്കുകൾ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ബാങ്കുകളെ ജില്ലയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ എന്നിവർ പ്രസ്‍താവനയിൽ അറിയിച്ചു.









0 comments