മത്തിവില കിലോയ്ക്ക് 400ൽ "പൊൻമീൻ'

ഓമല്ലൂർ ചന്തയ്ക്കുസമീപം മീൻ വിൽക്കുന്ന വ്യാപാരി
പത്തനംതിട്ട
മീനില്ലാതെ ഉച്ചഭക്ഷണം കഴിക്കാത്തവർക്ക് ഇരുട്ടടിയായി വിപണിയിലെ മത്സ്യവില കുതിച്ചുയരുന്നു. ട്രോളിങ് നിരോധനം അവസാനിക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയാണ് മീൻവില കുതിച്ചുയർന്നത്. ഞായറാഴ്ച കിലോയ്ക്ക് 300 രൂപയായിരുന്ന മത്തിക്ക് തിങ്കളാഴ്ച വില 400 ആയി. ഈ വർഷത്തെ ഉയർന്ന വിലയാണിത്. രാവിലെ മീൻവാങ്ങാനെത്തിയവർ വിലകേട്ട് ഞെട്ടിയെന്ന് വ്യാപാരികളും പറയുന്നു. കഴിഞ്ഞ ജൂൺ ഒമ്പത് അർധരാത്രി ആരംഭിച്ച ട്രോളിങ് നിരോധനം വ്യാഴം അർധരാത്രി അവസാനിക്കുന്നതോടെ വിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്താകെ പെയ്ത കനത്ത മഴയും കാറ്റും കടലാക്രമണ സാധ്യതയും മത്സ്യബന്ധനനിരക്കിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്. ഇതാകാം വില കുത്തനെ ഉയരാൻ കാരണമെന്നാണ് മത്സ്യവ്യാപാരികൾ പറയുന്നത്. പച്ചമീന് വില വർധിച്ചതോടെ ജില്ലയിൽ ഉണക്കമീൻ വിലയിലും ആനുപാതിക മാറ്റമുണ്ടായി. "ട്രോളിങ് നിരോധനത്തിനുശേഷം ചെറുവള്ളങ്ങളാണ് കൂടുതലായും മീൻപിടിത്തത്തിന് പോകുന്നത്. ഇവരിൽ നിന്നാണ് മീൻ വാങ്ങുന്നത്. സാധാരണയിൽനിന്ന് കൂടുതലായി വില നൽകേണ്ടിവരും. കൂടാതെ തീരമേഖലയിൽനിന്ന് ലോഡ് ഇവിടെവരെ എത്തിക്കാനും വലിയ ചെലവാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെ മീൻ കിട്ടാത്ത അവസ്ഥയായിരുന്നു. ആഗസ്‌തോടെ വില കുറയാനാണ് സാധ്യത'–ഓമല്ലൂരിലെ മത്സ്യവ്യാപാരി രാജീവ് പറയുന്നു.









0 comments