പത്തനംതിട്ട, തിരുവല്ല, അടൂർ മേഖലകളിൽ
എൻജിഒ യൂണിയൻ മാർച്ചും ധർണയും ഇന്ന്

പത്തനംതിട്ട
കേരള എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന മേഖലാതല മാർച്ചും ധർണയും ചൊവ്വാഴ്ച. പകൽ 12ന് പത്തനംതിട്ട, തിരുവല്ല, അടൂർ മേഖലകളിലാണ് മാർച്ചും ധർണയും നടത്തുന്നത്. ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, നവകേരള നിർമിതിയിൽ പങ്കാളികളാവുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക, കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. പത്തനംതിട്ടയിൽ പഴയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച് ടൗൺ സ്‌ക്വയറിൽ സമാപിക്കുന്ന മാർച്ചും തുടർന്ന് നടക്കുന്ന ധർണയും യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സജീവ് കുമാർ ഉദ്ഘാടനം ചെയ്യും. തിരുവല്ല ഡിഡിഇ പരിസരത്ത് നിന്നാരംഭിച്ച് പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് സമാപിക്കുന്ന മാർച്ചും ധർണയും യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി ഡി സാജൻ ഉദ്ഘാടനം ചെയ്യും. അടൂരിൽ ഗവ. എംപ്ലോയീസ് ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച് റവന്യൂ ടവർ പരിസരത്ത് സമാപിക്കുന്ന മാർച്ചും ധർണയും യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ആർ രമ്യ മോഹൻ ഉദ്ഘാടനം ചെയ്യും. മാർച്ചിലും തുടർന്നുള്ള ധർണയിലും മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്ന് ജില്ലാ സെക്രട്ടറി ആർ പ്രവീണും പ്രസിഡന്റ് ജി ബിനുകുമാറും അഭ്യർഥിച്ചു.









0 comments