ചക്കപ്പഴം കഴിച്ച കെഎസ്ആർടിസി ജീവനക്കാർ പെട്ടു
മദ്യപിക്കാത്തവരും മദ്യപിച്ചെന്ന് യന്ത്രം

പന്തളം
പന്തളം കെഎസ്ആർടിസി ന്ററിലെ ജീവനക്കാർക്ക് ചക്കപ്പഴം കൊടുത്തത് ഒന്നൊന്നര പണി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഡ്യൂട്ടിക്ക് കയറുംമുമ്പ് കെഎസ്ആർടിസി സെന്ററിലെ ജീവനക്കാർക്കുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് ആദ്യം രണ്ടുപേർക്ക് 16 ശതമാനം ആൽക്കഹോൾ യന്ത്രത്തിൽ കാണിച്ചത്. ഇവർക്കെതിരെ നടപടിക്കുള്ള നീക്കം ആരംഭിച്ചപ്പോഴാണ് ഒരാൾ മദ്യപിക്കാറില്ലെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് സംശയം തോന്നി സെന്ററിലെ സ്ത്രീകളടക്കം എല്ലാ ജീവനക്കാരെയും ബ്രീത്ത് അനലൈസറുപയോഗിച്ച് പരിശോധിച്ചപ്പോൾ എല്ലാവരിലും 16 ശതമാനം ആൽക്കഹോൾ കണ്ടെത്തി. അപ്പോഴാണ് രാവിലെ എല്ലാവരും ഒരു ജീവനക്കാരൻ കൊണ്ടുവന്ന ചക്കപ്പഴം വയറുനിറച്ച് കഴിച്ചത് ഓർത്തത്. തുടർന്നാണ് ജീവനക്കാരല്ല, ചക്കപ്പഴമാണ് പ്രതിയെന്ന് മനസ്സിലായത്. ചക്കപ്പഴത്തിൽ കുറഞ്ഞയളവിൽ ആൽക്കഹോൾ കണ്ടന്റുള്ളതാണ് ജീവനക്കാരെ കുടുക്കിയത്. കൂടുതൽ കഴിച്ചപ്പോൾ ആൽക്കഹോളിന്റെ അളവ് രക്തത്തിൽ കൂടുതൽ കാണിച്ചതാണ് ബ്രീത്ത് അനലൈസർ യന്ത്രത്തിൽ വെളിവായത്. ഇതോടെ ജീവനക്കാരുടെ പേരിലുള്ള നടപടി അവസാനിപ്പിച്ച് എല്ലാവരും ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഇതോടെ ഇനി ഡ്യൂട്ടി സമയത്തിനുമുമ്പ് ചക്കപ്പഴമല്ല, ഒരു പഴവും കഴിക്കില്ലെന്ന ദൃഢപ്രതിജ്ഞയിലാണ് ജീവനക്കാർ.









0 comments