സ്ത്രീ സൗഹാർദ വിനോദ സഞ്ചാരം
ഒരുങ്ങും ആര്‍ട് സ്ട്രീറ്റുകൾ

സായൂജ് ചന്ദ്രൻ
പാലക്കാട്
ജില്ലയിൽ "സ്ത്രീ സൗഹാർദ ടൂറിസം' മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തൃത്താലയിലും പട്ടിത്തറയിലും സഞ്ചാരികൾക്കായി ആർട്ട് സ്‌ട്രീറ്റുകളും ഒരുക്കും. പ്രദേശത്തിന്റെ ചരിത്രവും സാംസ്കാരികവുമായ വിവരങ്ങൾ ചുമരുകളിൽ വരച്ച് ചേർക്കുകയാണ് ലക്ഷ്യം. ഇതിനായി വനിതാ–- പൊതുയൂണിറ്റുകൾക്ക് ഉത്തരവാദിത്ത ടൂറിസം വകുപ്പ് ധനസഹായം നൽകും. ആർട്ട് സ്‌ട്രീറ്റുകൾ ഒരുക്കാൻ മൂന്ന് ലക്ഷം അനുവദിച്ചിട്ടുണ്ട്. തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ആറ് ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകൾക്ക് 25,000- രൂപ വീതമാണ് സഹായം നൽകുക. ഡെസ്റ്റിനേഷൻ ബ്രാൻഡിങ് ബോർഡുകളും സൈനേജ് ബോർഡുകളും സ്‌ഥാപിക്കാൻ ഒരു ലക്ഷം രൂപയും റിസോഴ്‌സ് ഡയറക്ടറി തയ്യാറാക്കാൻ രണ്ട് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വനിതാ ടൂർ ഓപ്പറേറ്റർമാർ, വനിതാ മാധ്യമ പ്രവർത്തകർ, വനിതാ വ്ലോഗർമാർ എന്നിവരെ ഉൾപ്പടുത്തി പ്രൊമോഷൻ യാത്രയും സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഹോം സ്റ്റേ ആരംഭിക്കുന്നതിനും ഫാം ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള പരിശീലനവും നൽകി. മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങളായ വെള്ളിനേഴി, പെരുവെമ്പ് എന്നിവിടങ്ങളിൽ ശിൽപ്പശാല, പരിശീലനം, യൂണിറ്റ് രൂപീകരണം, വിനോദ സഞ്ചാര പാക്കേജുകളുടെ രൂപീകരണം, തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ഫാം ടൂറിസം ജനകീയമാക്കാൻ ‘കേരള അഗ്രി ടൂറിസം നെറ്റ് വർക്ക് ’പദ്ധതിയുമുണ്ട്. ജില്ലയിൽ 40 യൂണിറ്റുകൾ ഇതിനോടകം പരിശീലനം പൂർത്തിയാക്കി. പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ക്യാമ്പിങ്ങിനും ട്രക്കിങ്ങിനും പ്രാധാന്യം നൽകുന്ന "ബാക്ക് ടു നാച്ചുർ ബാക്ക് ടു റൂട്ട്‌സ്' പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. നെല്ലിയാമ്പതിയും അട്ടപ്പാടിയുമാണ് ഇതിനായി തെരഞ്ഞെടുത്തത്.









0 comments