ഇന്ന്‌ ലോക ഫോട്ടോഗ്രഫി ദിനം

ഇ‍ൗ ചിത്രങ്ങൾ ചിതലരിക്കില്ല

1977ൽ പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ച
avatar
സ്വന്തം ലേഖകൻ

Published on Aug 19, 2025, 02:00 AM | 1 min read

പാലക്കാട്‌ ‘

ഞാനെടുത്ത ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ചിത്രങ്ങളുടെ നെഗറ്റീവുകളധികവും ചിതൽതിന്ന്‌ നശിച്ചു. കളർ ഫിലിമുകൾ ഒട്ടിപ്പിടിച്ചും മങ്ങിയും ഉപയോഗശൂന്യമായി. എന്നാൽ ഒരു ചിതലിനും മായ്ക്കാനാകാത്ത ചിത്രങ്ങളുണ്ട്‌. കാമറക്കണ്ണിൽ ഒപ്പിയതെല്ലാം മനസ്സിലും ഭദ്രമാണ്‌..’ 51 വർഷമായി ഫോട്ടോഗ്രഫിയെ ജീവിതത്തിന്റെ ഭാഗമാക്കിയ കെ വി വിൻസെന്റ്‌ (വിൻസെന്റ്‌ ഇമേജ്‌ ക്ലബ്) 76ലും ആ പ്രണയം തെല്ലും കുറച്ചിട്ടില്ല. 1973ൽ റവന്യു വകുപ്പിൽ ആലത്തൂർ വില്ലേജ്‌ ഓഫീസിലാണ്‌ ജോലിയിൽ പ്രവേശിക്കുന്നത്‌. 74ൽ പാലക്കാട്ടേക്ക്‌ മാറി. കലക്‌ടറേറ്റിൽ ഉണ്ടായിരുന്ന ജയപ്രകാശനാണ്‌ ഇമേജ്‌ ക്ലബ്ബുമായി അടുപ്പിച്ചതും അംഗത്വം നൽകിയതും. അദ്ദേഹത്തിന്റെ കാമറ ഉപയോഗിക്കാനും തന്നു. പിന്നീട്‌ 75 രൂപ നൽകി ക്ലിക്ക്‌ ത്രീ കാമറ വാങ്ങി. അതിലായി ഫോട്ടോഗ്രഫി പരീക്ഷണങ്ങൾ. സ്വയംപഠനമായിരുന്നു. ആ കാമറയിൽ അപ്പർച്ചർ കൂട്ടാനോ കുറയ്ക്കാനോ സാധിക്കുമായിരുന്നില്ല. 1969ൽ തുടങ്ങിയ പാലക്കാട്‌ കാമറ ക്ലബ്ബാണ്‌ പിന്നീട്‌ ഇമേജ്‌ ക്ലബ്ബായത്‌. സുധാകര മേനോനാണ്‌ കൂട്ടായ്മയ്ക്ക്‌ തുടക്കമിട്ടത്‌. വർഷാവർഷമുള്ള ഇമേജ്‌ ഫോട്ടോ പ്രദർശനത്തിലൂടെയാണ്‌ എന്റെ ഫോട്ടോ ആളുകൾ കാണുക. സ്വന്തമായി ഒരുപ്രദർശനം ഇതുവരെ നടത്തിയിട്ടില്ല. ഇമേജിലെ അംഗങ്ങളുടെ ചിത്രങ്ങൾ അബുദാബിയിൽ പ്രദർശിപ്പിച്ചപ്പോൾ മൂന്നുതവണ തന്റെ ചിത്രവും ഇടംപിടിച്ചെന്ന്‌ വിൻസെന്റ്‌ ഓർമിക്കുന്നു. ഒരിക്കൽ ലളിതകലാ അക്കാദമി എറണാകുളം ദർബാർ ഹാളിൽ ചിത്രപ്രദർശനം നടത്തിയപ്പോഴും ഇടം കിട്ടി. 2004 ജനുവരിയിൽ ഇടുക്കിയിൽ തഹസിൽദാരായാണ്‌ വിരമിച്ചത്‌. പിന്നീട്‌ ഫോട്ടോഗ്രഫിയോടുള്ള ഭ്രമം കൂടി. തുടക്കക്കാലത്ത്‌ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ചിത്രങ്ങളായിരുന്നു. പാലക്കാട്‌ യാചക സർവേ നടന്നപ്പോൾ രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച്‌ നഗരത്തിലെ യാചകരുടെ ചിത്രങ്ങളെടുത്തത്‌ ഇന്നും മറന്നിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസി വിഭാഗക്കാരുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും സമരചിത്രങ്ങൾ വളരെ ഇഷ്ടത്തോടെ എടുത്തവയാണ്‌. സ്വന്തമായി വാങ്ങിയ വീട്‌ മണ്ണുകൊണ്ട്‌ നിർമിച്ചതാണ്‌. പുസ്തകങ്ങളും നെഗറ്റീവുകളും ചിത്രങ്ങളും ചിതൽതിന്നുനശിച്ചു. എന്നാൽ എല്ലാം ഓർമകളായുണ്ട്‌. ഇപ്പോൾ നിക്കോൺ പി 1000 എന്ന കോംപാക്ട്‌ കാമറയാണ്‌ ഉപയോഗിക്കുന്നത്‌. ആലത്തൂർ വാനൂർ ചിറമ്മൽ കൈപ്പറമ്പൻ വീട്ടിലാണ്‌ താമസം. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: ജോജോ, സിജോ, വിൻസി.



deshabhimani section

Related News

View More
0 comments
Sort by

Home