ജ്വല്ലറിയിൽനിന്ന് സ്വർണം മോഷ്ടിച്ച് കടന്ന 3 പേർ പിടിയിൽ

പാലക്കാട്
നഗരത്തിലെ ജ്വല്ലറിയിൽനിന്ന് സ്വർണം മോഷ്ടിച്ച് കടന്ന കേസിൽ മൂന്നുപേർ പിടിയിൽ. ഒന്നാംപ്രതി അമ്പലപ്പാറ വേങ്ങശേരി കാരക്കാടുപറമ്പിൽ വിഷ്ണു (25), പാലക്കാട് കോട്ടമൈതാനം വൃന്ദാവൻ കോളനിയിൽ അർജുൻ (28), പിരായിരി കൃഷ്ണ റോഡ് കറുപ്പും വീട്ടിൽ മുഹമ്മദ് ഷെഫീഖ് (23) എന്നിവരാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്. വ്യാഴം വൈകിട്ട് അഞ്ചോടെയാണ് കേസിനാസ്പദമായ സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേനെ ജ്വല്ലറിയിലെത്തിയ വിഷ്ണു നിരത്തിവച്ച ആഭരണങ്ങളിൽനിന്ന് ൫൮ ഗ്രാം സ്വർണം വാരിയെടുത്ത് ഓടുകയായിരുന്നു. പുറത്തെത്തിയ വിഷ്ണു കടയുടെ സമീപത്ത് സുഹൃത്തും രണ്ടാം പ്രതിയുമായ അർജുൻ സ്റ്റാർട്ട് ചെയ്തുനിർത്തിയ ബൈക്കിൽ ചാടിക്കയറി. അൽപ്പം മാറിനിന്ന് പരിസരം നിരീക്ഷിച്ച് നിർദേശങ്ങൾ നൽകുകയായിരുന്ന വക്കീൽ ഗുമസ്തനായ ഷെഫീഖ് ഓടിയെത്തി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ൨൪ മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐ എം അജാസുദ്ദീൻ, സീനിയർ സിപിഒ മാരായ പ്രവീൺ, കെ പി മനീഷ്, കെ സുധീർ, രാജേഷ്, അജേഷ് എന്നിവരങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.









0 comments