ഇന്ത്യയിൽ നികുതി അടയ്ക്കാതെ അമേരിക്കയിലേക്ക് കോടികൾ ആർഎസ്എസ് അയക്കുന്നു; മോദി ഭയക്കുന്നത് ആരെയെന്ന് സിപിഐ എം

ന്യൂഡൽഹി: അമേരിക്കയിൽ പ്രവർത്തിക്കുന്ന പാക് ബന്ധമുള്ള ലോബിയിങ് സ്ഥാപനത്തിന് ആർഎസ്എസ് കോടികളുടെ തുക അയക്കുന്നതിൽ എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ലെന്ന് സിപിഐ എം. ആർഎസ്എസ് ഇന്ത്യയിൽ നികുതി അടയ്ക്കുന്നില്ല, എന്നാൽ യുഎസ് സർക്കാരിനെ ലോബി ചെയ്യാൻ 330,000 ഡോളർ ഒഴുക്കുകയാണ്.
ആർഎസ്എസ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ യുഎസ് സർക്കാരിന് സമർപ്പിച്ച രേഖകളിൽ അത് കാണിക്കുന്നുണ്ട്. ആർഎസ്എസ് അമേരിക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? പ്രധാനമന്ത്രി നരേന്ദ്രമോദി ആർഎസ്എസ് അംഗമാണ്. അദ്ദേഹം എന്തുകൊണ്ടാണ്? ആരെയാണ് മോദി ഭയക്കുന്നത്? - സിപിഐ എം പ്രസ്താവനയിൽ ചോദിച്ചു.
രാഷ്ട്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് ആർഎസ്എസ് എന്ന് മോഹൻ ഭാഗവത് അവകാശപ്പെടുന്നുമ്പോൾ, എന്തിനാണ് അമേരിക്കയെ സഹായിക്കാൻ ലക്ഷക്കണക്കിന് ഡോളറുകൾ ചെലവിടുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി എക്സിൽ കുറിച്ചു.
തങ്ങളുടെ താൽപര്യങ്ങൾ അമേരിക്കയിൽ നടപ്പിലാക്കുന്നതിനായി നിയമ സ്ഥാപനമായ സ്ക്വയർ പാറ്റൺ ബോഗ്‌സിനെ ആർഎസ്എസ് ഏർപ്പാട് ചെയ്തെന്ന വാർത്ത കഴിഞ്ഞദിവസമാണ് പ്രിസം റിപ്പോർട്സ് എന്ന പോർട്ടൽ പുറത്തുവിട്ടത്. ഈ ലോബിയിങ് സ്ഥാപനം പാകിസ്ഥാനുവേണ്ടിയും പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.







0 comments