സങ്കൽപ്പ് പദ്ധതി പുരോഗമിക്കുന്നു
കരുത്തരായ് സ്ത്രീകൾ


സ്വന്തം ലേഖകൻ
Published on Aug 02, 2025, 01:00 AM | 2 min read
പാലക്കാട്
സ്ത്രീകളുടെ മാനസികവും ശാരീരികവും കായികവുമായ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള സങ്കൽപ്പ് പദ്ധതി ജില്ലയില്‍ പുരോഗമിക്കുന്നു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്ന വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനങ്ങൾ നടപ്പാക്കുന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സഹായത്തോടെ 18 സ്കൂളുകളിൽ വിദ്യാർഥിനികൾക്കായി ക്യാമ്പുകൾ നടത്തി. കബഡി, ടെന്നിക്കോയിറ്റ്, വോളിബോള്‍, ഖോ ഖോ, ഹാന്‍ഡ് ബോള്‍, അമ്പെയ്-ത്ത് ഇനങ്ങളിലായിരുന്നു ക്യാമ്പുകള്‍. 344 വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. ഇവരിൽ നിരവധിപേർ സംസ്ഥാന, ജില്ലാ മത്സരങ്ങളില്‍ വിജയിച്ചു. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ അട്ടപ്പാടിയിലെ ഉന്നതികളിലെ പല കാരണങ്ങളാല്‍ പഠനം നിര്‍ത്തിയ വിദ്യാര്‍ഥിനികളെ ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്‌സ് പഠിപ്പിച്ചു. 14 വിദ്യാര്‍ഥിനികള്‍ക്ക് അസാപ് ക്ലാസെടുത്തു. തൊഴില്‍ നൈപുണ്യം വളര്‍ത്തിയെടുത്ത് അവരെ സ്വയം പര്യാപ്തരാക്കുകയാണ് ലക്ഷ്യം. മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 30 വിദ്യാര്‍ഥിനികള്‍ക്കും ഷോളയൂര്‍ പ്രീ മെട്രിക് ഹോസ്റ്റലിലെ 34 വിദ്യാര്‍ഥിനികള്‍ക്കുമായി ബേസിക് പ്രൊഫിഷ്യന്‍സി ഇന്‍ ഇംഗ്ലീഷ്, ലൈഫ് സ്‌കില്‍ ട്രെയിനിങ്, ആർത്തവ ശുചിത്വ ക്ലാസുകൾ നടത്തി. ശിശു ലിംഗനിര്‍ണയവും ശിശു ഭ്രൂണഹത്യയും തടയാൻ ആരോഗ്യ പ്രവർത്തകർക്ക് നിയമ ബോധവൽക്കരണം നല്‍കി. ഐസിഡിഎസ് തലത്തില്‍ ജന്‍ഡര്‍ ബോധവൽക്കരണ ശിൽപ്പശാല, വിക്ടോറിയ കോളേജ്, സിവില്‍ സ്റ്റേഷൻ മതിലുകളിൽ ചുമര്‍ചിത്രങ്ങള്‍, ബാലിക ദിനാചരണം തുടങ്ങിയ പരിപാടികളും നടത്തി. ‘എംപവറിങ് ട്രൈബല്‍ പാലക്കാട് 'എന്ന പേരില്‍ പട്ടികവര്‍ഗ വികസന വകുപ്പ്, വ്യവസായ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലും പദ്ധതികൾ നടപ്പാക്കി.
തൊഴിലിടങ്ങൾ സുരക്ഷിതമാക്കി
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ‘പോഷ് ആക്ട്’ ബോധവൽക്കരണ ക്ലാസ് നടത്തി. ഏഴ് നഗരസഭകളിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് സംസ്ഥാന വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടുമായി ചേര്‍ന്ന് ക്ലാസ് നല്‍കി. എല്ലാ നഗരസഭകളിലും ഹരിതകര്‍മ സേനാംഗങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു. എല്ലായിടങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി സാധ്യമാക്കി. കേരളത്തില്‍ ആദ്യമായാണ് സ്ത്രീകളുടെ അസംഘടിത തൊഴില്‍ മേഖലയില്‍ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി രൂപീകരിക്കാനായത്. ഒപ്പം കോളേജുകളിലും പൊതുസ്ഥലങ്ങളിലും പോഷ് ആക്ട് ബോധവല്‍ക്കരണ ക്ലാസുകളും നടത്തി. സ്ത്രീകള്‍ ബ്ലേഡ് മാഫിയയ്ക്ക് ഇരയാകാതിരിക്കാൻ 29 സാമ്പത്തിക സാക്ഷരതാ ക്ലാസും നടത്തി.
കനല്‍ ഫെസ്റ്റ്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍, ലിംഗവിവേചനം തുടങ്ങിയവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 30 സ്കൂളിൽ ‘കനല്‍ ഫെസ്റ്റ്' നടത്തി. സംവാദ മത്സരം, സ്വയംപ്രതിരോധ പരിശീലനം തുടങ്ങിയവയും ഉണ്ടായി. ജില്ലാ മിഷന്‍ കോ–ഓര്‍ഡിനേറ്റര്‍, ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ്, ഡിഇഒ, അക്കൗണ്ട്‌സ് അസിസ്റ്റന്റ്, ഫിനാന്‍ഷ്യല്‍ ലിറ്ററസി സ്‌പെഷ്യലിസ്റ്റ് എന്നിവർക്കാണ് ‘സങ്കൽപ്പി’ന്റെ ചുമതല.









0 comments