തുണിയാണ് മെയിൻ

സായൂജ് ചന്ദ്രൻ
പാലക്കാട്
പ്ലാസ്‌റ്റിക്കിനെ പടിക്കുപുറത്താക്കുന്ന തെരഞ്ഞെടുപ്പാണിത്. പരിസ്ഥിതി സൗഹാർദ ഫ്ലക്സുകളാണ് താരം. ജില്ലയിലെ ഫ്ലക്സ് പ്രിന്റിങ് യൂണിറ്റുകളെല്ലാം തുണി കളറാക്കാനുള്ള തിരക്കിട്ട ജോലിയിലാണ്. മനോഹരമായ ചിത്രങ്ങളും എഴുത്തും പതിയുമ്പോൾ സ്ഥാനാർഥികൾക്കും പാർടികൾക്കും ഇരട്ടി സന്തോഷം. ഇത്തരം തുണി ഫ്ലക്സുകളും ബാനറുകളും പുനരുപയോഗിക്കാനാകുമെന്നതാണ് പ്രത്യേകത. പഴക്കംചെന്നാൽ നിറം ഇളക്കിമാറ്റി തൊട്ടടുത്ത നിമിഷംതന്നെ പുതുപുത്തനാക്കാം. ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, എറണാകുളം എന്നിവിടങ്ങളിൽനിന്നാണ് പ്രിന്റിങ്ങിനാവശ്യമായ തുണിയെത്തിക്കുന്നത്. പ്ലാസ്‌റ്റിക്കിനേക്കാൾ വില കൂടുതലാണ്. ജില്ലയിലെ പ്രിന്റിങ് യൂണിറ്റുകൾ ഒരു ചതുരശ്ര അടിക്ക് 20 രൂപ മുതൽ വില ഇൗടാക്കുന്നുണ്ട്. തുണി ഫ്ലക്സുകൾ പ്രിന്റ് ചെയ്യാൻ സമയം കൂടുതലെടുക്കുന്നതും കൂടുതൽ ജോലിക്കാർ വേണമെന്നതും പ്രയാസമാകുന്നുണ്ടെന്ന് പ്രിന്റിങ് യൂണിറ്റ് ഉടമകൾ പറയുന്നു. തെരഞ്ഞെടുപ്പിൽ ഓരോ ബൂത്തുകളിലും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബ്ലോക്ക്തലത്തില്‍ ഗ്രീൻ പ്രോട്ടോക്കോൾ (ഹരിതചട്ടം) നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവർ പരിശീലന കേന്ദ്രങ്ങള്‍, ഇവിഎം കമീഷനിങ് കേന്ദ്രങ്ങള്‍, വോട്ട് സ്വീകരണ-, വിതരണ പോളിങ് സ്റ്റേഷനുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ് പോലുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും ഇക്കുറി കർശന വിലക്കുണ്ട്.








0 comments