സുസ്ഥിര തൃത്താല
ഓണത്തിനായി 162 ഏക്കറിൽ പച്ചക്കറി കൃഷി

കൂറ്റനാട്
സുസ്ഥിര തൃത്താലയുടെ ഭാഗമായി 21 വിദ്യാവനം ഉള്‍പ്പെടെ 38 പച്ചത്തുരുത്തുകള്‍ സജ്ജമാക്കിയെന്ന് എംജിഎന്‍ആര്‍ ഇജിഎ മിഷന്‍ ഡയറക്ടര്‍ എ നിസാമുദ്ദീന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 ഏക്കറിൽ 16,154 തൈകളാണ് നട്ടത്. ഓണം ലക്ഷ്യമാക്കി 162 ഏക്കറിൽ പച്ചക്കറി കൃഷി ആരംഭിക്കും. ചാലിശേരിയിലെ കണ്ണന്റേയും കുടുംബശ്രീ യൂണിറ്റിന്റെയും സ്ഥലത്ത് വിത്തിട്ടു. ചെണ്ടുമല്ലി കൃഷിയും ആരംഭിച്ചിട്ടുണ്ട്. പച്ചക്കറികൾ വിപണി വിലയേക്കാള്‍ 20 ശതമാനം കൂടിയ വിലയ്ക്ക് സംഭരിച്ച് 30 ശതമാനം കുറഞ്ഞ വിലയ്‌ക്ക് വിപണനമേളയിലൂടെ വിൽക്കും. പട്ടിത്തറ വെങ്കര ക്വാറി മൈനര്‍ ഇറിഗേഷന്‍, സോയില്‍ കണ്‍സര്‍വേഷന്‍, നവകേരളം മിഷന്‍ ചേര്‍ന്ന് പരിശോധിച്ചിട്ടുണ്ട്. ഇവിടത്തെ വെള്ളം കിണര്‍ റീചാര്‍ജിങ്ങിന് ഉപയോഗിക്കാം. 49.40 ലക്ഷം രൂപയ്ക്ക് കപ്പൂരിലെ പൂണൂല്‍കുളവും 38.20 ലക്ഷം രൂപയ്ക്ക് പരുതൂരിലെ ആര്‍ത്തികുളവും നവീകരിച്ചു. ചാലിശേരി, നാഗലശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആലിക്കല്‍ തോടിനെ സംബന്ധിച്ച് പഠനം നടത്താനും നിര്‍ദേശിച്ചു. കെഎസ്ഇബി സൗരോര്‍ജം ഉപയോഗിച്ച് 6070 കെഡബ്ല്യുഎല്ലില്‍ 18,210 യൂണിറ്റ് വൈദ്യുതി ദിവസവും ഉൽപ്പാദിപ്പിക്കുന്നുണ്ട്. മാസം 5,46,300 യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത്. ഒരു കുടുംബം കുറഞ്ഞത് 200 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാൽ 2731 കുടുംബങ്ങള്‍ക്ക് ഇത് ഉപകാരപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ നവ കേരളം മിഷന്‍ കോ -–-ഓര്‍ഡിനേറ്റര്‍ പി സെയ്തലവി, മന്ത്രി എം ബി രാജേഷിന്റെ പ്രതിനിധി സുധീഷ് കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.









0 comments