വിദ്യാഭ്യാസ ഡയറക്‌ടർക്ക് റിപ്പോർട്ട് നൽകി
ആത്മഹത്യ ക്ലാസിൽ നിന്ന് മാറ്റിയിരുത്തിയ മനോവിഷമത്തിൽ

പാലക്കാട്
ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി ആശിർനന്ദ ആത്മഹത്യ ചെയ്തത് നിർബന്ധപൂർവം ക്ലാസിൽനിന്ന് മാറ്റിയിരുത്തിയ മനോവിഷമത്തിൽ. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി എം സലീന ബീവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നൽകി. സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സ്കൂളും തച്ചനാട്ടുകര ചോളോടുള്ള കുട്ടിയുടെ വീടും സന്ദർശിച്ചശേഷമായിരുന്നു നടപടി. 23നാണ് കുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. രക്ഷിതാക്കളുടെ പരാതിയിൽ പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ച് അധ്യാപകരെ സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു.









0 comments