തെരുവുനായകൾ വിലസുന്നു; 8 പേർക്ക് കടിയേറ്റു

പാലക്കാട്
മണ്ണാർക്കാട്ടും ഒറ്റപ്പാലത്തും എലപ്പുള്ളിയിലുമുണ്ടായ തെരുവുനായ ആക്രമണത്തിൽ എട്ടുപേർക്ക് കടിയേറ്റു. കരിമ്പ–- കാരാകുറുശി മേഖലയിൽ ആറുപേരെയാണ് തെരുവുനായ കടിച്ചത്. വ്യാഴം പകലാണ് ആക്രമണം. കല്ലടിക്കോട് കളിപ്പറമ്പിൽ ജയപ്രതീഷിന്റെ ഭാര്യ പ്രിയങ്കയെ സ്കൂളിൽനിന്ന് വരുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനാണ് കടിയേറ്റത്. കാരാകുറുശി അരപ്പാറ കൂടമുക്കിലാണ് അഞ്ചുപേർക്ക് കടിയേറ്റത്. പ്രദേശവാസികളായ സ്വാമിനാഥൻ, ബൈജു, ഓട്ടുപാറ അമൽ, തൊഴിലാളികളായ കൊൽക്കത്ത സ്വദേശി രൂപേൽ, അസം സ്വദേശി ഷാജുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാരാകുറുശി ഹെൽത്ത് സെന്ററിലും തുടർന്ന് മണ്ണാർക്കാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒറ്റപ്പാലത്ത് സെക്യൂരിറ്റി ജീവനക്കാരൻ ജോലിക്കായി പാലാട്ട് ഫ്ലാറ്റിലേക്ക് നടന്നുപോകുമ്പോഴാണ് നായ കടിച്ചത്. പാലപ്പുറം ലക്ഷ്മി നിവാസിൽ വിജയൻ (65) നാണ് ബസിറങ്ങി എ കെ ജി മന്ദിരം റോഡിലൂടെ നടക്കുന്നതിനിടെ നായയുടെ കടിയേറ്റത്. വ്യാഴം രാവിലെ 8.15 നാണ് സംഭവം. ഇരുകാലുകളിലും പരിക്കേറ്റ വിജയൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.വ്യാഴം പുലർച്ചെ ആറരയോടെ പത്ര വിതരണത്തിനിടെ എലപ്പുള്ളി പാറ കാക്കത്തോട് പി ഹസൻ മുഹമ്മദിനെ (72) നായ കടിച്ചു. മറ്റ് വഴിയാത്രക്കാരെ നായ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഹസന് കടിയേറ്റത്. തിങ്കളാഴ്ച എലപ്പുള്ളി വാഴക്കോട് മുതിരംപള്ളം സ്വദേശി രാജന് തെരുവുനായ കുറുകെച്ചാടി ബൈക്കിൽനിന്ന് വീണ് പരിക്കേറ്റിരുന്നു.









0 comments