1970 മുതൽ ദേശാഭിമാനി ഏജന്റ്
കഥ "രാമചരിതം' അധ്യായം ദേശാഭിമാനി

വി കെ രഘുപ്രസാദ്
Published on Oct 04, 2025, 12:00 AM | 1 min read
പാലക്കാട്
തഞ്ചാവൂർ ട്രാൻക്യുബാർ പഞ്ചായത്തിലെ പൊരയാറിലെ ബസ് കമ്പനിയിലെ തൊഴിലാളികളെ അവകാശ ബോധത്തിന്റെ ചെങ്കൊടി പിടിപ്പിച്ച ഒരു കമ്യൂണിസ്റ്റുകാരനുണ്ട് ചിറ്റൂരിൽ. വൈസ്രോയികണ്ടത്ത് രാമൻ എന്ന വൈ രാമൻ. ഇന്നീ കാണുന്ന മാറ്റങ്ങളെല്ലാം പൊരുതിനേടിയ തലമുറയുടെ നേരവകാശികളിലൊരാൾ. സംഭവബഹുലമായ ആ ജീവിതകഥയിലെ പ്രധാന അധ്യായമാണ് "ദേശാഭിമാനി'. സ്‌കൂൾ പഠനകാലത്ത് വീട്ടിനടുത്തുള്ള ബേക്കറിയിൽനിന്നാണ് ദേശാഭിമാനി ബന്ധം തുടങ്ങുന്നത്. കമ്യൂണിസ്റ്റ് പാർടി അനുഭാവിയായിരുന്ന ബേക്കറി ഉടമ ദേശാഭിമാനി വരിക്കാരനായിരുന്നു. പാലക്കാടുനിന്നുള്ള സ്വകാര്യ ബസിലാണ് അന്ന് ചിറ്റൂരിൽ പത്രം എത്തിച്ചിരുന്നത്. രാവിലെ വൈകിയേ പത്രം എത്തൂ. എങ്കിലും സമയം കണ്ടെത്തി വായിക്കും. വിദ്യാഭ്യാസം കഴിഞ്ഞതോടെ ജോലിതേടി തഞ്ചാവൂരിൽ എത്തി. പൊരയാറിലെ ബസ് കമ്പനിയിലായിരുന്ന ജോലി. ദുരിതം നിറഞ്ഞ തൊഴിലാളി ജീവിതം കൺമുന്നിൽ. ദേശാഭിമാനി പകർന്ന ഉൗർജം കരുത്തായി. രാമൻ തൊഴിലാളികളെ സംഘടിപ്പിച്ചു. ഉജ്വലമായൊരു സമരജീവിതത്തിന്റെ തുടക്കമായിരുന്നു അത്. വർഷങ്ങൾക്കുശേഷം അച്ഛൻ മരിച്ചപ്പോൾ അമ്മയുടെ ആഗ്രഹപ്രകാരം രാമൻ നാട്ടിലേക്ക് മടങ്ങി. ചിറ്റൂരിൽ അന്ന് ദേശാഭിമാനിക്ക് ഏജന്റുണ്ടായിരുന്നില്ല. 1970ൽ കോഴിക്കോട് പോയി ഏജൻസി എടുത്തു. രാവിലെ എട്ടോടെ ബസിൽ പാലക്കാടുനിന്ന് പത്രമെത്തും. ചിറ്റൂർ നഗരസഭ, നല്ലേപ്പിള്ളി, പൊൽപ്പുള്ളി പഞ്ചായത്തുകളിലായിരുന്നു വിതരണം. വരിക്കാരുടെ വീടുകൾ തമ്മിൽ കിലോമീറ്ററുകൾ ദൂരം. സൈക്കിളിൽ പത്രംവിതരണം ചെയ്‌ത് മടങ്ങുമ്പോഴേക്കും സമയം ഏറെ വൈകും. ബസ് പണിമുടക്കാണെങ്കിൽ സൈക്കിളിൽ പാലക്കാട് പോയി പത്രം എടുക്കണം. വെയിലും മഴയും ഒന്നും "ദേശാഭിമാനി' സ്‌നേഹത്തിന് തടസ്സമായില്ല. പലപ്പോഴും പത്രത്തിന്റെ വരിസംഖ്യ കിട്ടില്ല. പത്രം മുടങ്ങുന്ന സാഹചര്യങ്ങളുമുണ്ടായി. പരസ്യ കമീഷൻ ഡെപ്പോസിറ്റായി നൽകി, പ്രശ്‌നം പരിഹരിച്ചു. സാമ്പത്തിക നേട്ടമായിരുന്നില്ല രാമേട്ടൻ ആഗ്രഹിച്ചത്. പത്ര വിതരണവും അദ്ദേഹത്തിന് കമ്യൂണിസ്റ്റ് പാർടി പ്രവർത്തനമായിരുന്നു. വളരെക്കുറച്ചുമാത്രം വരിക്കാരുണ്ടായിരുന്ന ചിറ്റൂരിൽ ദേശാഭിമാനി ഇന്ന് പ്രധാന പത്രമാണ്. ദേശാഭിമാനിയെ ജീവിതത്തോട് ചേർത്തുവച്ച രാമേട്ടന്റെ വിയർപ്പിൽ വിളഞ്ഞ നേട്ടം. 91 വരെ ഇൗ രംഗത്ത് സജീവമായിരുന്നു. പിന്നീട് വിതരണം സഹോദരന്റെ മകനെ ഏൽപ്പിച്ചു. എങ്കിലും ദേശാഭിമാനി പാലക്കാട് യൂണിറ്റിൽ ഏജന്റുമാരുടെ പട്ടികയിൽ ചിറ്റൂർ ഏജന്റിന്റെ പേര് വൈ രാമൻ എന്നുതന്നെയാണ്.









0 comments