ഉള്ള് പിടഞ്ഞാലും 
പതറില്ല കൈവിരൽ

    പ്രതീഷ് മോർച്ചറിക്ക് 
മുന്നിൽ ക്യാമറയുമായി
വെബ് ഡെസ്ക്

Published on Aug 19, 2025, 02:00 AM | 1 min read

ശരത് കൽപ്പാത്തി

പാലക്കാട്

ചിതറിയതും അഴുകിയതുമായ ദേഹങ്ങളും ജീവനറ്റ കുഞ്ഞുങ്ങളുടെ ശരീരവും കണ്ടുകൊണ്ട് ഉറങ്ങാനാവാത്ത രാത്രികൾ. അവ കാമറയിൽ പകർത്തുമ്പോൾ ഓർമയിലുമാണ് ചേർക്കപ്പെടുന്നത്. മോർച്ചറിലെത്തുന്ന മൃതദേഹങ്ങളിലേക്ക് കാമറയിലെ വ്യൂഫൈൻഡറിലൂടെ നോക്കുമ്പോൾ വെണ്ണക്കര നൂറണി സ്വദേശി പ്രതീഷിന്റെ മനസ്സ് പിടയ്ക്കുമെങ്കിലും മനോധൈര്യം വീണ്ടെടുത്ത് പകർത്തും. 21 വർഷത്തെ ഫോട്ടോഗ്രഫി പ്രവർത്തന മേഖലയിൽ അഞ്ചുവർഷമായി മോർച്ചറിയിലും പുറത്തും ഇൻക്വസ്റ്റിന് പൊലീസിന് സഹായിയായി പ്രതീഷുണ്ട്. ഒരു വിളിപ്പുറത്ത് രാപകൽ ഇല്ലാതെ കാമറയുമായി പ്രതീഷ് ഓടിയെത്തും. തുടക്ക കാലത്ത് മോർച്ചറിയിലെത്തിയ തൊണ്ടയിൽ മുലപ്പാൽ കുരുങ്ങി മരിച്ച ദിവസങ്ങൾ പ്രായമായ കുഞ്ഞിന്റെ ചിത്രം കരഞ്ഞുകൊണ്ടാണ് പകർത്തിയത്. കുറച്ചുനാളത്തേക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു. പിന്നീട് അതെല്ലാം ശീലമായി. 5,000 ത്തിലധികം ചിത്രങ്ങൾ ഇക്കാലയളവിൽ പകർത്തി. നിർദേശമനുസരിച്ച് ഫോട്ടോ എടുത്ത് പൊലീസിന് കൈമാറും. ചിലകേസുകളിൽ കോടതിയിൽ ഹാജരാകേണ്ടിവരും. 2020ൽ കോവിഡ് കാലം മുതലാണ് സ്ഥിരമായി മോർച്ചറിയിലും മറ്റുമായി ചിത്രങ്ങൾ എടുക്കൽ തുടങ്ങിയത്. അതിന് മുമ്പ് പലതവണ പകരക്കാരനായി വന്നിട്ടുണ്ട്. പിപിഇ കിറ്റ് ധരിച്ചും ഫോട്ടോ എടുക്കേണ്ടി വന്നിട്ടുണ്ട്. ഷട്ടറോ അപ്പർച്ചറോ തിരിക്കാനാകാതെ വിയർത്ത് കഷ്ടപ്പെട്ടിട്ടുണ്ട്. മകൾക്ക് അന്ന് രണ്ടുവയസ് മാത്രമായിരുന്നു പ്രായം. കോവിഡ് കാലമായതിനാൽ മകളുമായി സ്നേഹം പങ്കിടലൊക്കെ കുറയ്‌ക്കേണ്ടിവന്നു. ബിഗ്ബസാർ സ്കൂളിൽ പ്ലസ്‌ടു പഠനത്തിന് ശേഷം ഫിലിം കാമറയുടെ അവസാനകാലത്ത് നഗരത്തിലെ സ്റ്റുഡിയോയിൽ സഹായിയാണ് തുടക്കം. 2009ൽ സുഹൃത്തിനൊപ്പം സ്ഥാപനം തുടങ്ങി. പിന്നീട് അതിൽ നിന്നും മാറി. ഭാര്യ ശ്രുതിക്കും മകൾ സാൻവിയയ്ക്കുമൊപ്പം നൂറണിയിലാണ് താമസം.



deshabhimani section

Related News

View More
0 comments
Sort by

Home